
പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അല്ലി എന്നു വിളിപ്പേരുള്ള മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ഒരു സിറിയൽ ബോക്സിൽ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് അച്ഛനും മകളും. അല്ലിയുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രമാണ് ഇത്തവണ താരം ഷെയർ ചെയ്തിരിക്കുന്നത്. പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അല്ലിമോളുടെ ചിത്രവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്തംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പും പൃഥ്വി പങ്കുവച്ചിരുന്നു. അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.