തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിലെ ചപ്പുചവറുകൾക്കും കൂട്ടിയിട്ട കരിയിലകളിലും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സ് കൃത്യസമയത്തെത്തി തീഅണച്ചതിനാൽ കൂടുതൽ ഭാഗത്തേക്ക് പടർന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സ്‌പിരിറ്റ് കേസിലേത് അടക്കമുള്ള തൊണ്ടി മുതലുകൾ സൂക്ഷിച്ചിരുന്ന കോടതി കെട്ടിടത്തിന് സമീപമാണ് തീപിടിച്ചത്. അതിവേഗ കോടതി കെട്ടിടത്തിന്റെ പിറകുവശത്തായിരുന്നു സംഭവം. ഇവിടെ കുഴിച്ചിടാൻ വേണ്ടി കൂട്ടിയിട്ടിരുന്ന ഉണങ്ങിയ കരിയിലകളിൽ എങ്ങനെയോ തീപിടിക്കുകയായിരുന്നു. കോടതി അധികൃതർ പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ കോടതി പരിസരം വൃത്തിയാക്കാൻ കൂട്ടാക്കിയില്ലെന്നാണ് പരാതി.