
തിരുവനന്തപുരം: പോർക്കളത്തിൽ അങ്കം മുറുകവേ, തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രികകൾ സൂക്ഷ്‌മ പരിശോധനയിൽ തള്ളിയത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. ഇതിനെ വോട്ട് കച്ചവടത്തിന്റെ ഒത്തുകളിയെന്ന് പരസ്പരം ആരോപിച്ച് സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയത് രംഗം കൂടുതൽ കൊഴുപ്പിക്കുകയും ചെയ്തു. പത്രികകൾ തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെ നിയമയുദ്ധത്തിനും വഴി തുറന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22,000ത്തിലധികം വോട്ട് പിടിച്ച തലശ്ശേരിയിലും 25,000ത്തിലധികം വോട്ട് പിടിച്ച ഗുരുവായൂരിലും ബി.ജെ.പിക്ക് ഇത്തവണ സ്ഥാനാർത്ഥികൾ ഇല്ലാതായി. തലശ്ശേരിയിൽ ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ പത്രിക തന്നെ തള്ളിയത് കടുത്ത ആഘാതമായി. ദേവികുളത്ത് സഖ്യകക്ഷിയായ എ.ഡി.എം.കെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
തലശ്ശേരിയിൽ കോൺഗ്രസിന് വോട്ട് മറിക്കാനെന്ന് സി.പി.എമ്മും, സി.പി.എം- ബി.ജെ.പി ഡീലിന്റെ ഭാഗമെന്ന് കോൺഗ്രസും ആരോപിക്കുന്നു. വരണാധികാരികൾ സി.പി.എം സമ്മർദ്ദത്തിന് വഴങ്ങിയെന്നും പത്രികകൾ തള്ളിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, എലത്തൂർ സീറ്റ് ഘടകകക്ഷിയായ മാണി സി.കാപ്പന്റെ എൻ.സി.കെയ്‌ക്ക് നൽകിയതിനെ ചൊല്ലിയുള്ള കോൺഗ്രസിലെ കലാപം പ്രവർത്തകർ തമ്മിലുള്ള കൈയാങ്കളിയിലെത്തി. ഇന്നലെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് എത്തിയെങ്കിലും എം.കെ.രാഘവൻ എം.പി ഇറങ്ങിപ്പോയതോടെ ശ്രമം പാളി. കെ.പി.സി.സി നിർവാഹക സമിതി അംഗം ദിനേശ് മണി എലത്തൂരിൽ വിമതനായി രംഗത്തുണ്ട്. എൻ.സി.കെയിലെ സുൽഫിക്കർ മയൂരിയാണ് ഔദ്യോഗിക സ്ഥാനാർത്ഥി.
ഏറ്രുമാനൂരിൽ ലതികാ സുഭാഷിന് പുറമേ പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനും വിമതനായുണ്ട്. കേരള കോൺഗ്രസിലെ പ്രിൻസ് ലൂക്കോസാണ് ഏറ്രുമാനൂരിൽ ഔദ്യോഗിക സ്ഥാനാർത്ഥി. ഇരിക്കൂറിൽ താത്കാലിക വെടിനിറുത്തലിനുള്ള ശ്രമം കോൺഗ്രസ് തുടരുന്നു.
കടകംപള്ളി തുറന്നുവിട്ട ഭൂതം
പ്രചാരണത്തിലുൾപ്പെടെ ഇടതുമുന്നണി മേൽക്കൈ നേടിയെങ്കിലും ശബരിമല കോലാഹലം തലവേദനയായി തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനമാണ് വിവാദഭൂതത്തെ കുടം തുറന്നുവിട്ടതെന്ന വികാരം സി.പി.എമ്മിൽ ശക്തമാണ്. യു.ഡി.എഫും ബി.ജെ.പിയും ആയുധം കൂർപ്പിച്ചപ്പോൾ, എൻ.എസ്.എസ് എരിവ് പകർന്നു. ഇന്നലെ ചാനൽ അഭിമുഖത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനത്തെ പറ്റിയുള്ള ചോദ്യത്തിന്, അതെന്തിനെന്നറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടകംപള്ളിയെ ഇതേ വാക്കുകളിലാണ് തള്ളിപ്പറഞ്ഞത്.
എൻ.എസ്.എസിനെ നോവിക്കാതെ
സുപ്രീംകോടതിയിൽ കേസ് തോറ്റത് എൻ.എസ്.എസ് ആണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിൽ പിടിച്ച് സംഘടന കഴിഞ്ഞദിവസം നാമജപ ഘോഷയാത്ര നടത്തിയിരുന്നു. കുടുംബയോഗങ്ങൾ വിളിച്ചും അവർ നിലപാട് വ്യക്തമാക്കുന്നു. പക്ഷേ, എൻ.എസ്.എസിനെ പ്രകോപിപ്പിക്കാതിരിക്കാനുള്ള കരുതലിലാണ് സി.പി.എം. ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്റേത് അവസരവാദ നിലപാടല്ലെന്നും അവർക്ക് തുടക്കം മുതൽ ഒരേ നിലപാടായിരുന്നെന്നും അതിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണനും എൻ.എസ്.എസിനോട് അകൽച്ചയില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞത് അനുനയത്തിന്റെ സ്വരത്തിലാണ്.