
തിരുവനന്തപുരം: ഇന്നലെ സൂക്ഷ്മ പരിശോധനയിൽ മൂന്ന് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഉൾപ്പെടെ 281 പത്രികകൾ തള്ളി. 1794 പേരാണ് മത്സര രംഗത്തുള്ളത്. 2190 പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഏഴു പേർ പത്രിക പിൻവലിച്ചു.
തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രികകളാണ് സാങ്കേതിക പിഴവ് മൂലം തള്ളിയത്. എൻ.ഡി.എ വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളാണിത്.
പാർട്ടി ചിഹ്നം അനുവദിക്കുന്ന കത്തിൽ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ പത്രിക തള്ളിയത്. തലശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസും ഗുരുവായൂരിൽ മഹിളാ മോർച്ച അദ്ധ്യക്ഷ അഡ്വ. നിവേദിതയുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥികൾ. ദേവികുളത്ത് എ.ഡി.കെ സ്ഥാനാർത്ഥി ആർ.എം. ധനലക്ഷ്മിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അപൂർണമായതിനാലാണ് തള്ളിയത്.
തലശേരിയിലും ഗുരുവായൂരിലും എൻ.ഡി.എക്ക് ഡമ്മികൾ ഇല്ലാത്തതിനാൽ രണ്ടിടത്തും എൻ.ഡി.എക്ക് സ്ഥാനാർത്ഥികളില്ലാത്ത സ്ഥിതിയായി. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി. 2016 ൽ എൻ.ഡി.എ തലശേരിയിൽ 22,126 വോട്ടുകൾ നേടിയിരുന്നു. ഗുരുവായൂരിൽ കഴിഞ്ഞ തവണ അഡ്വ.നിവേദിത 25,000ത്തിലേറെ വോട്ടു നേടിയിരുന്നു. കഴിഞ്ഞ തവണ ദേവികുളത്ത് സഖ്യമില്ലാതെ ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഡമ്മി സ്ഥാനാർത്ഥികളായ വടക്കാഞ്ചേരിയിലെ സുരേന്ദ്രൻ (സി.പി.എം), ബിജേഷ് (ബി.ജെ.പി), കൊയിലാണ്ടിയിലെ ഷീബ (സി.പി.എം), സ്വതന്ത്ര സ്ഥാനാർത്ഥികളായ ജനാർദ്ദനൻ (ഇരിക്കൂർ), അബ്ദുൽ ഗഫൂർ, സുധീർ (കളമശേരി) എന്നിവരാണ് പത്രികകൾ പിൻവലിച്ചത്. ഇതിൽ സുരേന്ദ്രൻ രണ്ട് സെറ്റ് പത്രികകൾ നൽകിയിരുന്നു. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
 തലശേരിയിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ല
തലശേരി: തലശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രിക തള്ളി. തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലാത്തത് കൊണ്ടാണ് പത്രിക തള്ളിയത്. ഫോമിൽ സീലുണ്ടെങ്കിലും ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ. ലജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഇതും സ്വീകരിച്ചില്ല. ഇതോടെ തലശേരിയിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാതായി.
കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 22,125 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. തലശേരി നഗരസഭയിൽ പ്രധാനപ്രതിപക്ഷവും ബി.ജെ.പിയാണ്. നഗരസഭയിൽ ബി.ജെ.പിക്ക് എട്ട് കൗൺസിലർമാരുണ്ട്.
തലശേരിയിൽ എൽ.ഡി.എഫിനായി എ.എൻ. ഷംസീറും യു.ഡി. എഫിനായി എം.പി. അരവിന്ദാക്ഷനുമാണ് മത്സരിക്കുന്നത്.
 നിവേദിത ഔട്ട്; ഗുരുവായൂരിൽ ബി.ജെ. പി സ്ഥാനാർത്ഥി ഇല്ല
തൃശൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്റെ പത്രിക ഇന്നലെ സൂക്ഷ്മപരിശോധനയിൽ തള്ളി. സത്യവാങ്മൂലത്തിൽ ബി. ജെ. പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് ഇല്ലെന്നതാണ് കാരണം.
ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയംഗവുമാണ് നിവേദിത. ഡമ്മിയും ഇല്ലാത്തതിനാൽ ഗുരുവായൂരിൽ എൻ.ഡി.എക്ക് സ്ഥാനാർത്ഥി ഇല്ലാതായി. പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.
പത്രിക സമർപ്പിക്കാൻ അവസാന നിമിഷമാണ് നിവേദിത എത്തിയത്. ചിഹ്നം അനുവദിച്ചുള്ള സംസ്ഥാന പ്രസിഡന്റിന്റെ കത്തിൽ ഒപ്പില്ലെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ട് പത്രിക നൽകുകയായിരുന്നു. ഡമ്മിയായ അനിൽ കുമാറിന്റെ പത്രികയിലും ഈ പിഴവ് കണ്ടെത്തിയിരുന്നു. അതോടെ ആ പത്രിക വാങ്ങാൻ വരണാധികാരി വിസമ്മതിച്ചതായി പറയുന്നു.
സൂക്ഷ്മ പരിശോധനാ ദിവസമായ ഇന്നലെ രാവിലെ കത്ത് നൽകാൻ സ്ഥാനാർത്ഥി എത്തിയെങ്കിലും വരണാധികാരി സ്വീകരിച്ചില്ല. പിന്നീട് സൂക്ഷ്മ പരിശോധനയിൽ പത്രിക തള്ളുകയായിരുന്നു. 2016ൽ ഗുരുവായൂരിൽ മത്സരിച്ച നിവേദിത 25,490 വോട്ട് നേടിയിരുന്നു.
 ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
മൂന്നാർ: ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. എൻ.ഡി.എയുടെ ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ആർ. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഇതോടൊപ്പം എൻ.ഡി.എ ഡമ്മി സ്ഥാനാർത്ഥി പൊൻപാണ്ടി, ബി.എസ്.പിയുടെ തങ്കച്ചൻ എന്നിവരുടെ പത്രികകളും തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ച രീതിയിൽ ഫോം26 കൃത്യമായി പൂരിപ്പിക്കാത്തതും പത്രികയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയതിലെ അപാകതയും കണക്കിലെടുത്താണ് വരണാധികാരിയായ ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ തള്ളിയത്. തുടർന്ന് ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച എസ്. ഗണേശനെ പിന്തുണക്കുമെന്ന് എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ കെ.എസ്. അജി പറഞ്ഞു. ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ തൊപ്പിയായിരിക്കും ഗണേശേന്റതും. ഇടുക്കി, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിലേക്കുള്ള പത്രിക തയ്യാറാക്കിയത് ഒരേ അഭിഭാഷകനാണ്. രണ്ടിടത്തെ പത്രിക സ്വീകരിച്ചപ്പോൾ ഒരിടത്തുമാത്രം തള്ളിയതിന് പിന്നിൽ സി.പി.എം ഇടപെടൽ സംശയിക്കുന്നതായും അജി പറഞ്ഞു. ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അജി പറഞ്ഞു. ദേവികുളത്ത് യു.ഡി.എഫിന്റെ ഡി. കുമാറും എൽ.ഡി.എഫിന്റെ എ. രാജയുമാണ് ഇത്തവണ സ്ഥാനാർത്ഥികൾ. ഇരുവരും പുതുമുഖങ്ങളാണ്.