u

തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ (മാസം 6000 രൂപ) വരെ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ക്ഷേമ പെൻഷൻ 3000 രൂപ, 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ സൗജന്യ അരി, അർഹരായ അഞ്ചു ലക്ഷം പേർക്ക് വീട്, സർക്കാർ ജോലിക്ക് പരീക്ഷ എഴുതുന്ന അമ്മമാർക്ക് രണ്ട് വർഷം ഇളവ്, മിനിമം കൂലി 700രൂപ, കാർഷിക ബഡ്ജറ്റ്,​ ശബരിമല ആചാര സംരക്ഷണത്തിന് നിയമം നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ അടങ്ങിയ യു.ഡി.എഫ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കി.

ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരിലിറക്കിയ പ്രകടന പത്രികയിൽ രണ്ട് അദ്ധ്യായങ്ങളിലായി 44 തലക്കെട്ടുകളിലായി 832 വാഗ്ദാനങ്ങളാണുള്ളത്. കേരളത്തെ ലോക നിലവാരത്തിലെത്തിക്കുന്ന നിർദേശങ്ങളാണെന്ന് യു.ഡി.എഫ് ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാന വാഗ്ദാനങ്ങൾ

ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40 - 60 വയസുള്ള തൊഴിൽരഹിതരായ അർഹരായ വീട്ടമ്മമാർക്ക് മാസം 2000

 പെൻഷൻ വകുപ്പ് രൂപീകരിക്കും, കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കും.

 പി.എസ്.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും നിയമന,​ അഡ്വൈസ് മെമ്മോകൾക്കും ഓട്ടോമേറ്റഡ് സംവിധാനം.

 വിജിലൻസ്,​ ക്ഷേമ പെൻഷൻ,​ കൊവിഡ് ദുരന്ത നിവാരണം എന്നിവയ്‌ക്ക് പ്രത്യേക കമ്മിഷനുകൾ

 കൊവിഡിൽ മരിച്ച പ്രവാസികൾ ഉൾപ്പടെ അർഹരായവർക്ക് ധനസഹായം

സൗജന്യ ചികിത്സയ്ക്ക് 'നോ ബിൽ ഹോസ്പിറ്രലുകൾ' സ്ഥാപിക്കും

 അഞ്ച് ഏക്കറിൽ താഴെ കൃഷിയുള്ള അർഹരായവരുടെ 2018ലെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.

 കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ മണ്ണെണ്ണ സബ്‌സിഡി, എല്ലാ തീരദേശ നിവാസികൾക്കും പട്ടയം.

 എം.ഫിൽ, പി.എച്ച്.ഡി പൂർത്തിയാക്കിയ തൊഴിൽ രഹിതരായ വിദ്യാർത്ഥിനികൾക്ക് മൂന്ന് വർഷം യഥാക്രമം 7000, 10,000 രൂപ നൽകും.

 തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയിൽ നടപ്പാക്കും.

 സർക്കാർ ജോലിയില്ലാത്ത എസ്.ടി വിഭാഗത്തിലെ അമ്മമാർക്ക് പ്രസവാനന്തരം ആറു മാസം മൂവായിരം രൂപ നൽകും.

 വിദേശ, സ്വദേശ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 5.5 ലക്ഷത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കാൻമ് നിയമനിർമാണം. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി ദളിത് ,ആദിവാസികൾക്കും അർഹരായ മറ്റ് ഭൂരഹിതർക്കും നൽകും.

 മലയോര മേഖലയിൽ അർഹരായ എല്ലാവർക്കും കൈവശഭൂമിക്ക് പട്ടയം

 സ്വകാര്യ സർവകലാശാല ആരംഭിക്കും. അറബി, നിയമ, അദ്ധ്യാപക,​ ആയുർവേദ,​ കായിക സർവകലാശാലകൾ സ്ഥാപിക്കും.

 തിരുവനന്തപുരം മുതൽ കാസർകോട് വരെ ആറുവരിപാത