
പ്രായം കൂടുന്നതിനനുസരിച്ച് കുറഞ്ഞുവരുന്ന ഒന്നാണ് ഉറക്കം. മൂന്നു മുതൽ അഞ്ച് വയസുവരെയുള്ള ഒരു കുട്ടി ഒരു ദിവസത്തിന്റെ പകുതി സമയവും ഉറങ്ങുമ്പോൾ, പ്രായപൂർത്തിയായ ഒരാൾ ഏഴ് മുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. അത്ര കാഠിന്യമല്ലാത്ത ജോലികളിൽ ഏർപ്പെടുന്നവർക്ക് അത്ര വിശ്രമം വേണ്ടെന്ന് വച്ചാൽ പോലും ഒരാൾ എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
വല്ലപ്പോഴും അതിൽ കുറച്ചുള്ള സമയം മാത്രമേ ഉറങ്ങാൻ സാധിച്ചുള്ളൂ എന്ന് കരുതി അതൊരു വലിയ പ്രശ്നമാകാറില്ല. എന്നാൽ, സ്ഥിരമായി വളരെ കുറച്ചു സമയം മാത്രമേ ഉറങ്ങാൻ സാധിക്കുന്നുള്ളൂ എന്നുണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും.
ഏഴ് മുതൽ എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിന് നല്ലത്. എന്നാൽ, ആറ് മണിക്കൂറെങ്കിലും ഉറങ്ങിയാൽ ശരിയായ ആരോഗ്യം ലഭിക്കുന്നുണ്ട്. എന്നാൽ, ഒമ്പതു മണിക്കൂറിലേറെ നിങ്ങൾക്ക് ഉറങ്ങാൻ തോന്നുന്നുവെങ്കിൽ അത് മറ്റെന്തോ അസുഖത്തിന്റെ ലക്ഷണമാണെന്ന് വേണം കരുതാൻ.
പ്രയോജനങ്ങൾ
ആവശ്യത്തിന് ഉറങ്ങുന്ന ഒരാളിന് മാത്രമേ ശരീരത്തിനും മനസിനും ശരിയായ വിശ്രമം ലഭിക്കുകയുള്ളൂ. അത്തരം ആൾക്കാർക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. വണ്ണം കൂടുന്നത് തടയും. ഹൃദയാരോഗ്യം മെച്ചപ്പെടും. മാനസികമായും ശാരീരികമായും ഉന്മേഷം ലഭിക്കും. ഓർമ്മശക്തിയും വർദ്ധിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നന്നായി പ്രവർത്തിക്കാനുള്ള മികവ് ഉണ്ടാകുന്നു.
എന്നാൽ, കൂടുതൽ സമയം ഉറങ്ങുന്നവർക്ക് തലച്ചോറിലേയ്ക്ക് ഉൾപ്പെടെ രക്തസഞ്ചാരത്തിന്റെ തോത് കുറയുകയും അതിനാൽ ഉന്മേഷം കുറയുകയും രോഗ സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. കൂടുതൽ ഉറങ്ങുന്നവർക്ക് എത്ര ഉറങ്ങിയാലും ഉറക്കത്തിന്റെ ശരിയായ പ്രയോജനവും വിശ്രമം കൊണ്ടുള്ള ഗുണവും ലഭിക്കാനിടയില്ല.
ഉറക്കം സുഖകരമാകാൻ
കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.
മൊബൈൽ ഫോണിന്റെ ഉപയോഗം കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ ഒഴിവാക്കുക.
ഏറ്റവും സുഖകരമായ കിടക്കയും അന്തരീക്ഷവും, സ്ഥിരം കിടന്നുറങ്ങുന്ന സ്ഥലവും ഉപയോഗിക്കുക.
കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചൂടാക്കിയ ഒരു ഗ്ലാസ് എരുമപ്പാൽ കുടിക്കുന്നത് നല്ലതാണ്
ഉറക്കത്തെ ഉണ്ടാക്കുന്ന എണ്ണ തലയിലും, പാദത്തിന് അടിവശത്തും പുരട്ടുക.
ടെൻഷൻ ഒഴിവാക്കുക, മനസ്സിനെ ശാന്തമാക്കി വയ്ക്കുക.
എരിവ്, പുളി, മസാല, അച്ചാർ,ചൂട്, എണ്ണയിൽ വറുത്തത് തുടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
പകലുറക്കം ഒഴിവാക്കുക.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള രീതികളും, യോഗയും, ചെറിയ വ്യായാമങ്ങളും, ആയുർവേദ ഔഷധങ്ങളും ശീലിക്കുക.
മനസ്സമാധാനം ഉണ്ടാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുക.
രാത്രി 10 ന് ശേഷം വളരെ അത്യാവശ്യമല്ലെങ്കിൽ മറ്റൊരാളെ ഫോണിൽ വിളിക്കരുത്. പകരം ഒരു മെസ്സേജ് അയയ്ക്കുക. അവർ ഉറങ്ങിയില്ലെങ്കിൽ മാത്രം കാണട്ടെ. നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേൽക്കാനുള്ള ഓരോരുത്തരുടെയും ശ്രമങ്ങൾ അങ്ങനെ നമുക്കും കണ്ണികളാകാം.