
വക്കം: വക്കത്ത് റോഡ് വികസനവും കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം. തോപ്പിക്കവിളാകം മുതൽ ഗ്രാമ പഞ്ചായത്ത് കാര്യാലയം വരെയുള്ള ഭാഗത്ത് കുപ്പിക്കഴുത്ത് പോലെയാണിപ്പോൾ റോഡ്. രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാൻ ഏറെ ബുദ്ധിമുട്ടുകയാണിപ്പോൾ. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പറയണ്ട, ഗതാഗതക്കുരുക്കായി. തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്ക് അഴിയാൻ മണിക്കൂറുകളെടുക്കും.
വക്കം ഗ്രാമ പഞ്ചായത്തിൽ ആകെയുള്ളത് 3 കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. അത് നിലയ്ക്കാമുക്ക് ജംഗ്ഷനിൽ നിന്ന് നൂറു മീറ്ററിനുള്ളിലാണ് ഈ മൂന്നെണ്ണവും സ്ഥിതി ചെയ്യുന്നത്ത്. വക്കം ചന്തമുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിനാവാശ്യമായ സ്ഥലമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിത്യവും നൂറുകണക്കിനാളുകൾ ബസ് യാത്രക്കായി ഇവിടെ വന്നു പോകുന്നുണ്ട്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് അംഗം മുതൽ എം.പിവരെയുള്ളവർക്ക് ഫണ്ട് അനുവദിക്കാം. ഈ സാമ്പത്തിക വർഷം തുക മിച്ചമുള്ള ജനപ്രതിനിധി ഇതിനായി മുന്നോട്ട് വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വികസന കാര്യങ്ങളിൽ വക്കത്തിന്റെ പിന്നാക്കാവസ്ഥ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണിതെന്ന് നാട്ടുകാർ വിലയിരുത്തുന്നു.
വക്കം ചന്തമുക്ക് ജംഗ്ഷൻ
വക്കത്തെ പ്രധാന കവലയാണ് വക്കം ചന്തമുക്ക് ജംഗ്ഷൻ. മങ്കുഴി മാർക്കറ്റും, വ്യാപാര സ്ഥാപനങ്ങളും, പെട്രോൾ പമ്പും, ബാങ്കുകളുമടക്കം വക്കത്തെ പ്രധാന ജംഗ്ഷൻ. ഇവിടെ എത്തുന്ന ആളുകൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലുമുള്ള സൗകര്യമില്ല.
ഓട വേണം
മഴക്കാലത്താണെങ്കിൽ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡ് നവീകരണത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ഫണ്ട് കണ്ടെത്തണം. റോഡ് വീതി കൂട്ടുന്നതിനൊപ്പം ഓടയും നടപ്പാതയും കൂടി നിർമ്മിക്കണം.
യാത്രക്കാരുടെ ഗതികേട്
യാത്രക്കാർ ബസ് കയറാൻ കാത്ത് നിൽക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലാണ്, പിന്നെ റോഡിലും. കാറ്റും മഴയും വെയിലും ചൂടുമേറ്റ് ബസ് കയറേണ്ട ഗതികേടിലാണ് യാത്രക്കാർ. വക്കത്ത് ചന്തമുക്കിന് പുറമേ ഗ്രാമപഞ്ചായത്ത് കാര്യാലയം, റൂറൽ ഹെൽത്ത് സെന്റർ ജംഗ്ഷൻ, ആങ്ങാവിള, എസ്.എൻ ജംഗ്ഷൻ, കായിക്കരക്കടവ് തുടങ്ങി യാത്രക്കാർ ഏറെയുള്ള ബസ് സ്റ്റോപ്പുകൾ നിരവധിയുണ്ട്. ഒരിടത്ത് പോലും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല.