s

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കുന്നതിനൊപ്പം പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് സമഗ്രമായ ഭവന പദ്ധതി നടപ്പാക്കുമെന്നും ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും ഉറപ്പു നൽകുന്ന പ്രകടന പത്രികയിലെ സൗജന്യ ഭക്ഷ്യക്കിറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഭരണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് യു. ഡി. എഫ് പ്രതീക്ഷിക്കുന്നു.

എല്ലാവിഭാഗം ജനങ്ങളേയും കണ്ട് നിർദേശങ്ങൾ സ്വീകരിച്ചാണ് പ്രകടപത്രിക തയ്യാറാക്കിയതെന്ന് പ്രകടന പത്രിക സമിതി ചെയർമാൻ ബെന്നി ബെഹനാനും കൺവീനർ സി.പി.ജോണും മേൽനോട്ടം വഹിച്ച ഡോ.ശശി തരൂർ എം.പിയും പറഞ്ഞു. വീട്ടമ്മമാരേയും യുവാക്കളേയും ആകർഷിക്കുന്ന നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

പി.എസ്.സി ഉടച്ചുവാർക്കാൻ നിയമം കൊണ്ടുവരും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവ‌രും യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകളും അച്ചടക്കനടപടി നേരിടേണ്ടി വരും. ഇതിനായി നിയമം. ഒരു ലക്ഷം തൊഴിൽ രഹിതർക്ക് ഇരുചക്ര വാഹന സബ്‌സിഡി, ഇന്ത്യയിലും വിദേശത്തും ഉന്നത പഠനത്തിന് സ്‌കോളർഷിപ്പ്, ലോൺ സ്‌കോളർഷിപ്പ്, എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പ്, വനിതാ സംരംഭകർക്ക് 10 ലക്ഷം വരെ പലിശ രഹിത വായ്പ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, സാദിഖ് അലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, എ. എ. അസീസ്,​ പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ദേവരാജൻ തുടങ്ങിയവർ സംബന്ധിച്ചു.

മറ്റ് വാഗ്ദാനങ്ങൾ

 കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികളുടേയും കിടപ്പ് രോഗികളുടെയും രക്ഷാകർത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും

 കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.

 താങ്ങുവില: റബ്ബറിന് 250 രൂപ, നെല്ലിന് 30 രൂപ,നാളികേരത്തിന് 40 രൂപ.

 ഫിഷറീസ്, ആർട്ടിസാൻസ്, മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി

മത്സ്യബന്ധനം പറ്റാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതനം
രോഗങ്ങൾ കാരണം മരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇൻഷ്വറൻസ്

 മത്സ്യബന്ധന ബോട്ടുകൾ, ട്രാൻസ്പോർട്ട് ബസുകൾ, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്‌സികൾ എന്നിവയ്‌ക്ക് ഇന്ധന സബ്‌സിഡി.

 കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികൾക്ക് കൂടുതൽ സ്‌കോളർഷിപ്.

 പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കും.

 ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ്

 പ്ലാൻ ഫണ്ടിന്റെ ഒരു ശതമാനം കലാ സംസ്‌കാരിക രംഗത്തിന്.

 രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാൻ പീസ് ആൻ‌ഡ് ഹാർമണി വകുപ്പ്

‌ബാലപീഡന കേസന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിയമം

 പൊതുസ്ഥലങ്ങളിൽ കുടിവെള്ള എ.ടി.എം

 പൊതുഗതാഗത നയം രൂപീകരിക്കും

 എല്ലാ ജില്ലയിലും കാൻസർ കെയർ യൂണിറ്റുകൾ

 പി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾ

 മാദ്ധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ബോർഡ്