v-muraleedharan

തിരുവനന്തപുരം: രാവിലെ 11 മണി. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിന്ന് തിരുവനന്തപുരം ഉള്ളൂരിലെ വസതിയിലെത്തി. ചാനൽ പ്രതിനിധികൾ കാത്തുനിൽക്കുകയായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് അളന്നുമുറിച്ചുള്ള മറുപടി. കേന്ദ്രമന്ത്രിയുടെ തലസ്ഥാനത്തെ ഒന്നര ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് അതൊരു തുടക്കമായി.

പ്രതികരണങ്ങളിൽ പതിവുപോലെ എതിരാളികൾക്കെതിരെയുള്ള കൂരമ്പുകൾ.ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. മറുപടി ഇങ്ങനെ: ''ഇ.ഡി.അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നെങ്കിൽ കോടതിയെ അല്ലേ സമീപിക്കേണ്ടിയിരുന്നത്. ഇ.ഡിക്കെതിരെ കേസെടുത്ത നടപടി സംസ്ഥാന സർക്കാരിന്റെ മുൻകൂർ ജാമ്യമെടുക്കലാണ്. അറബിക്കടൽ വരെ വിൽക്കുന്ന പാർട്ടികളാണിവർ..വിനാശകാലേ വിപരീത ബുദ്ധി ''.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെക്കുറിച്ചായി അടുത്ത ചോദ്യം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇവരെവിടെ പോയിരുന്നുവെന്ന് മറുചോദ്യം. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊടിക്കൈ മാത്രമാണെന്നൊരു വിമർശനവും.

ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദത്തിലേക്കും മുരളീധരൻ കടന്നു. 'കഴക്കൂട്ടത്ത് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താൻ ദിവസങ്ങളായി ശ്രമം നടക്കുകയായിരുന്നു. പല പേരുകളും ചർച്ച ചെയ്തിരുന്നു. നേരത്തെ മത്സരിക്കാൻ തയ്യാറല്ലെന്നറിയിച്ച ശോഭ കഴക്കൂട്ടത്താണെങ്കിൽ മത്സരിക്കാമെന്ന് അറിയിച്ചു. അതോടെ കാര്യം എളുപ്പമായി. പിന്നീട് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ചേർന്ന് അത് തീരുമാനിക്കുകയായിരുന്നു.

അപ്പോഴേക്കും മന്ത്രിയ്ക്ക് ഫോൺ വന്നു. തന്റെ ഗുരുവും മാർഗദർശിയും എ.ബി.വി.പിയിലെ സീനിയറുമായ ദത്താത്രേയ ഹൊസബൊലെ ആർ.എസ്.എസിലെ രണ്ടാമനായി (സർകാര്യവാഹ്) തിരഞ്ഞെടുക്കപ്പെട്ട വിവരം ആരോ വിളിച്ചുപറഞ്ഞു.

നിമിഷങ്ങൾക്കകം വസതിയിൽ നിന്ന് മണ്ഡലപര്യടനത്തിന്റെ തിരക്കിലേക്ക്.ആറ്രിങ്ങൽ, ചിറയിൻകീഴ്, കഴക്കൂട്ടം. കോവളം, നെയ്യാറ്രിൻകര, മണ്ഡലങ്ങളിലായിരുന്നു പര്യടനം. തിരഞ്ഞെടുപ്പ് പെരുമാറ്രചട്ടം കർശനമായതിനാൽ ഗസ്റ്ര് ഹൗസിലോ രാജ്ഭവനിലോ തങ്ങാതെ, സൗത്ത് പാർക്ക് ഹോട്ടലിൽ വച്ചാണ് സന്ദർശകരെ കാണുന്നത്.

കൊല്ലം എസ്. എൻ.കോളേജ് അദ്ധ്യാപികയായ ഭാര്യ ‌ഡോ.കെ.എസ് ജയശ്രീ കൊച്ചിയിൽ ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ മുരളീധരനെ വിളിച്ചു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു അന്വേഷണം. കഴിച്ചുവെന്ന് മറുപടി.

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് സൗത്ത് പാർക്കിൽ മുരളീധരനെ കാണാനെത്തി. ഇരുവരും കുറച്ചുനേരം അടച്ചിട്ട മുറിയിൽ ചർച്ച.

കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനമായിരുന്നു ഇന്നലത്തെ പ്രധാന പരിപാടി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ മുരളീധരൻ കത്തിക്കയറി. സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രസംഗം. ഒപ്പം ശോഭാ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കി എന്നതിന് വിശദീകരണവും.

മണ്ഡല പര്യടനത്തിന് എത്തുമ്പോൾ അവിടത്തെ പാർട്ടി കോർ ഗ്രൂപ്പിന്റെ യോഗങ്ങളിൽ പങ്കെടുത്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിർദേശിക്കുന്നതും പതിവാണ്.