
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയെന്ന വാർത്ത വന്നതിന് പിന്നാലെ കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ നാമനിർദേശപത്രികയും തള്ളിയെന്ന വ്യാജവാർത്ത സാമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു. മണ്ഡലത്തിൽ കൃഷ്ണദാസിന് വോട്ടില്ലെന്നും അതിനാൽ പത്രിക നിരസിച്ചെന്നുമായിരുന്നു പ്രചാരണം.
പിന്നാലെ കൃഷ്ണദാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്ത നിഷേധിച്ചു. തുടർന്ന് റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ച സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു. പരാജയഭീതി മൂലം ഇടത് - വലത് അനുകൂല കക്ഷികളാണ് വ്യാജവാർത്തയ്ക്ക് പിന്നിലെന്ന് കൃഷ്ണദാസ് പ്രതികരിച്ചു.