വർക്കല: ശിവസേന സ്ഥാനാർത്ഥി അഡ്വ. നിഷിയുടെ പത്രിക തള്ളിയതിന് പിന്നിൽ വരണാധികാരിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ. ഹരികുമാർ പറഞ്ഞു. നാമനിർദ്ദേശപത്രിക പിന്താങ്ങിയ ഒരാളുടെ വോട്ടർപട്ടികയിലെ ഭാഗ നമ്പർ തെറ്റായി രേഖപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയത് പത്രിക സമർപ്പണ സമയത്ത് പിന്താങ്ങുന്ന വരുടെ ലിസ്റ്റ് വോട്ടർപട്ടികയുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം പത്രിക സ്വീകരിക്കണമെന്നാണ് ചട്ടം. പത്രികയിൽ എന്തെങ്കിലും നിസ്സാര പിഴവുകൾ കണ്ടെത്തിയാൽ സ്ഥാനാർത്ഥിക്ക് അത് തിരുത്താൻ അവസരം നൽകാമെന്ന് കീഴ്‌വഴക്കം നിലനിൽക്കെയാണ് കമ്മീഷന്റെ ഈ നടപടി. സമാനസ്വഭാവമുള്ള കേസിൽ കമ്മീഷന് സ്ഥാനാർത്ഥിക്ക് അവസരം നൽകാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട് . നാമനിർദ്ദേശപത്രിക തള്ളിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വരണാധികാരിക്ക് കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് അഡ്വ. നിഷി പറഞ്ഞു. സ്ഥാനാർത്ഥിത്വം പുനസ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.