
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വോട്ടുകൾ ഇരട്ടിച്ചതിനെപ്പറ്റിയുള്ള പരാതിയിൽ കളക്ടർമാരുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ പൂർണമായും ചീഫ് ഇലക്ടറൽ ഓഫീസർക്ക് ലഭിച്ചില്ല. ഇന്നലെ നൽകണമെന്നാണ് നിർദേശിച്ചിരുന്നതെങ്കിലും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മൂലം പല ജില്ലകളിൽ നിന്നും രാത്രി വൈകിയും റിപ്പോർട്ടുകൾ കിട്ടിയില്ല. കിട്ടിയ റിപ്പോർട്ടുകൾ ഇന്നലത്തെ തിരക്ക് മൂലം വിലയിരുത്താനുമായില്ല. ഇന്ന് ഇതിനെപ്പറ്റി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഓരോ പേരും സൂക്ഷ്മ പരിശോധന നടത്തിയാണ് വോട്ടർ പട്ടിക പരിശോധിക്കുന്നതെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.