
ചിറയിൻകീഴ്: ഭക്തിയുടെ നിറവിൽ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകത്തിന് പരിസമാപ്തിയായി. നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഭക്തർ കനലാട്ടത്തിൽ പങ്കെടുത്തത്. മുരുകനടയിലെ കാവടിത്തറയിൽ മുപ്പതടിയോളം ചതുരശ്രമായി വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിച്ചത്. ഇന്നലെ വെളുപ്പിന് 3.30ന് ഒരു സംഘം പൂജാരിമാരുടെ നേതൃത്വത്തിൽ ആഴി പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്ര നടയിൽ നിന്ന് മുരുക ഭക്തർ പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി അഗ്നിക്കാവടി ഘോഷയാത്രയായി രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷമാണ് മുരുക സന്നിധിയിലെ ആഴിയിൽ ചാടി കനലാട്ടം ആരംഭിച്ചത്. കൈയിൽ കാവടിയുമായി തീയിൽ ചാടി കാവടി നേർച്ചക്കാർ അഗ്നിക്കാവടി അഭിഷേകത്തിൽ പങ്കെടുത്തു. അസുരമൂർത്തിയായ താരകാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യൻ നാട്ടിൽ സമാധാനവും ഐശ്വര്യവും പുലർത്തുമെന്നുകണ്ട് സ അഗ്നിയിൽ നടത്തിയ ആനന്ദ നൃത്തത്തെ അനുസ്മരിച്ച് നടത്തുന്ന ക്ഷേത്രച്ചടങ്ങാണിത്. ഇന്നലെ വൈകിട്ട് വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പെരുങ്ങുഴി മേട മുത്താരമ്മൻ ക്ഷേത്രങ്ങളിൽ നിന്ന് ആരംഭിച്ച പാൽക്കാവടി ഘോഷയാത്ര സന്ധ്യയോടെ രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 9.30ന് തിരുവാതിര പൊങ്കാല, വൈകുന്നേരം 5.30ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 10ന് ശേഷം തൃക്കൊടിയിറക്ക്, പാനക നിവേദ്യം, മഹാനിവേദ്യം, ചമയ വിളക്ക്, ആനപ്പുറത്ത് എഴുന്നളളിപ്പ്, നാദസ്വര കച്ചേരി എന്നിവയോടെ ഉത്സവം സമാപിക്കും.