
തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ കാട്ടിയ അതിക്രമത്തിൽ ഭക്തർക്കുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി വൈ.സത്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കള്ളക്കേസെടുത്തത് വിശ്വാസികൾക്ക് മറക്കാനാകില്ല.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരള പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചത് ഫെഡറൽ സംവിധാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. അന്വേഷണത്തെ അട്ടിമറിച്ച് കുറ്റം മൂടിവയ്ക്കാനുള്ള ശ്രമമാണിത്. കേസന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സത്യകുമാർ ആരോപിച്ചു.
അഴിമതിയിലും കുറ്രകൃത്യങ്ങളിലും കേരളം മുന്നിലാണ്. കൊവിഡ് ബാധയെത്തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയ മലയാളികൾക്കായി ഇടതുസർക്കാർ ഒന്നും ചെയ്തില്ല. അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ബി.ജെ.പി മുൻകൈയെടുക്കും.
സംസ്ഥാന സർക്കാർ കൂടുതൽ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ എല്ലാ കർഷകർക്കും ആറായിരം രൂപവീതം നൽകുന്ന കേന്ദ്രപദ്ധതി കൂടുതൽ പേർക്ക് ലഭിക്കുമായിരുന്നെന്നും സത്യകുമാർ പറഞ്ഞു.