1

കുളത്തൂർ: ഇടത്,​ വലത് മുന്നണികൾ മുന്നോട്ടുവച്ച പ്രകടനപത്രിക തട്ടിപ്പാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ആറ്റിപ്രയിൽ സംഘടിപ്പിച്ച മഹിളാമോർച്ച സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. 1987ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ 10 ലക്ഷം യുവതീ യുവാക്കൾക്ക് ജോലി നൽകുമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാൽ അധികാരത്തിലെത്തിയശേഷം അവർ ഇക്കാര്യം മറന്നു. അന്ന് വാഗ്ദാനലംഘനത്തിനെതിരെ സമരം ചെയ്‌ത തൊഴിൽ രഹിതരായ യുവജനങ്ങളെ കളിയാക്കുകയായിരുന്നു സർക്കാർ ചെയ്‌തത്. ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കാൻ മത്സരിക്കുകയാണ്. ജീവനക്കാർക്ക് പ്രതിമാസ ശമ്പളം നൽകാൻ കടമെടുക്കുന്ന സർക്കാരിനെ ജനം തിരിച്ചറിയും. കേന്ദ്ര സഹായം ലഭിക്കുന്നതുകൊണ്ട് മാത്രമാണ് സംസ്ഥാനത്തെ ട്രഷറികൾ ഇപ്പോഴും പൂട്ടാതെ മുന്നോട്ടുപോകുന്നത്. പാർലമെന്റിൽ പ്രതിപക്ഷമാകാൻ കഴിയാത്ത അതേ സാഹചര്യമാണ് കോൺഗ്രസിന് കേരളത്തിലും വരാൻ പോകുന്നത്. നരേന്ദ്രമോദി സർക്കാരിനും കഴക്കൂട്ടത്തിനും ഇടയിലുള്ള ഒരു പാലമായി താൻ പ്രവർത്തിക്കുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാവിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച അവർ ചെമ്പഴന്തി, ആറ്റിപ്ര, ഇടവക്കോട്, ഞാണ്ടൂർക്കോണം, ചന്തവിള, കടകംപള്ളി, ചെല്ലമംഗലം തുടങ്ങിയ ഭാഗങ്ങളിൽ പ്രചാരണം നടത്തി.