
വർക്കല: നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എം, തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ കൃഷ്‌ണകുമാർ, ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് എന്നിവർ ശിവഗിരി മഹാസമാധിയിലെത്തി പ്രണാമമർപ്പിച്ചു. ഇന്നലെ ശിവഗിരിയിലെത്തിയ മൂന്നുപേരെയും സ്വാമി വിശാലാനന്ദ, മഠം പി.ആർ.ഒ കെ.കെ. ജനീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ശാരദാമഠം, വൈദിക മഠം, ബോധാനന്ദ സ്വാമികളുടെ സമാധിപീഠം, റിക്ഷാമണ്ഡപം എന്നിവിടങ്ങളിൽ പുഷ്‌പാർച്ചനയും പ്രാർത്ഥനയും നടത്തി. തുടർന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തി.