remesh-chennithala

തിരുവനന്തപുരം:പിണറായി സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന തന്നെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് സർവേകളിൽ കാണുന്നതെന്നും ,ഇതിനുപിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വിധമാണ് ഹീനമായ ഈ തന്ത്രം പയറ്റുന്നത്.

ഈ സർക്കാരിനെതിരെ തെളിവുകൾ സഹിതമാണ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. എല്ലാം ശരിയെന്ന് തെളിഞ്ഞു. സർക്കാരിന് എല്ലാത്തിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും പ്രതിപക്ഷ നേതാവിനെ തറപറ്റിക്കാൻ കഴിയാതെ വന്നപ്പോൾ , സർവ്വേ നടത്തി തകർക്കാനാണ് നോക്കുന്നത്. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജണ്ട നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സർവേയിൽ ചോദിക്കുന്നത്.

ഭരണകക്ഷിക്ക് കിട്ടുന്ന പിരിഗണനയുടെ ഒരു ശതമാനമെങ്കിലും മാദ്ധ്യമങ്ങൾ പ്രതിപക്ഷത്തിന് നൽകണ്ടേ? ഇതെന്ത് മാദ്ധ്യമ ധർമ്മമാണ്? വോട്ടർമാരിൽ ഒരു ശതമാനം പേർ പോലും പങ്കെടുക്കാത്ത സർവ്വേകളാണിവ. ഇൗയിടെ വ്യത്യസ്ത ചാനലുകൾ പ്രസിദ്ധപ്പെടുത്തിയ മൂന്ന് സർവ്വേകളും നടത്തിയത് ഒരേ ഏജൻസിയാണെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.സർക്കാർ ഓരോ പ്രതിസന്ധിയിൽപ്പെടുമ്പോഴും അതിൽ നിന്ന് കരകയറ്റാൻ സർവേക്കാർ വരുന്നു .ഇനിയും വരാൻ പോകുന്ന സർവ്വേകളും ഇത് പോലെയായിരിക്കും. യു.ഡി.എഫിന് ഈ സർവ്വേകളിൽ വിശ്വാസമില്ല. ജനങ്ങളുടെ സർവ്വേയിൽ മാത്രമാണ് വിശ്വാസം.ചെന്നിത്തല .

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രി തള്ളിയതോടെ ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെയും സർക്കാരിന്റെയും നിലപാടിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് വ്യക്തമായി.സി.പിഎമ്മിന്റെ തനിനിറമാണ് പുറത്തു വന്നത്. സുപ്രീം കോടതി വിധി വന്നതിനുശേഷം എന്തു ചർച്ചയാണ് ചെയ്യാൻ പോകുന്നത്? ഭരണഘടനാപരമായി സർക്കാരിന് വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് അന്നും പറയാമല്ലോ- ചെന്നിത്തല ചൂണ്ടിക്കാട്ടി.