
തിരുവനന്തപുരം: മഴ കുറഞ്ഞില്ല. പക്ഷേ, സംസ്ഥാനത്തെ ഭൂഗർഭ ജലം പകുതിയായി കുറഞ്ഞു. പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ജലലഭ്യത ഗണ്യമായി കുറയും. കേരളം കൊടും വരൾച്ചയിലേക്കാണ് പോകുന്നത്....
ഭൂജല വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ...
പ്രളയശേഷം ഭൂഗർഭ ജലത്തിന്റെ അളവ് പകുതിയായി. കാരണം, പ്രളയത്തിൽ ഉപരിതല മണ്ണ് ഒലിച്ചുപോയതിനാൽ ജലം ഭൂമിയിൽ താഴുന്നില്ല. കാസർകോട്ടും പാലക്കാട്ടും ഭൂഗർഭ ജലനിരപ്പ് രണ്ട് മീറ്ററോളം താഴ്ന്നു. പത്ത് വർഷത്തെ ശരാശരിയിലും താഴെയാണ് ഭൂഗർഭ ജലവിതാനം.
ഭൂഗർഭജല വകുപ്പിന്റെ 756 ജലനിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഒടുവിൽ കിട്ടിയ കണക്ക് പ്രകാരം 75 സെന്റീ മീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ്. ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസർകോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വർഷവും ഇവിടങ്ങളിൽ ജലവിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനൽ തുടങ്ങിയപ്പോൾ തന്നെ രണ്ട് മീറ്റർ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല.
നടപ്പാകാത്ത പദ്ധതികൾ
സർക്കാർ പ്രഖ്യാപിച്ച ജലസംരക്ഷണ പദ്ധതികളിൽ മിക്കവയും നടപ്പായിട്ടില്ല. ഭാഗികമായി നടപ്പായവ:
പാറമടകൾ കാനലുകൾ എന്നിവ പ്രദേശിക ജല സ്രോതസുകളുമായി ബന്ധിപ്പിക്കൽ
നദികളുടെ പുനരുജ്ജീവനം, ഹരിതാവരണം സൃഷ്ടിക്കൽ
ഭൂഗർഭജലം റീചാർജ് ചെയ്യൽ
നിയമമുണ്ട്, പക്ഷെ...
വ്യവസായ യൂണിറ്റുകൾ, ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, ടാങ്കുകളിൽ വെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ഏജൻസികൾ എന്നിവരെല്ലാം ഭൂഗർഭ ജലം വലിച്ചെടുക്കാൻ അധികൃതരുടെ എൻ.ഒ.സി വാങ്ങണമെന്നാണ് കേന്ദ്ര നിയമം. എൻ.ഒ.സി ഇല്ലാതെ ഭൂജലമെടുത്താൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പിഴ. സർക്കാരിനും പ്രാദേശിക സർക്കാർ ഏജൻസികൾക്കും കുടിവെള്ളം എത്തിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ മാത്രമേ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾക്കും ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾക്കും എൻ.ഒ.സി നൽകാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാൽ വെള്ളം എത്തിക്കുന്നത് മിക്കയിടത്തും കരാറുകാരാണ്. അവരിൽ മിക്കവരും അനുവദിച്ചതിന്റെ പല ഇരട്ടി വെള്ളം സ്രോതസുകളിൽ നിന്ന് ശേഖരിക്കാറുമുണ്ട്.