
തിരുവനന്തപുരം: തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതിനെതിരെ ബി.ജെ.പി നേതൃത്വം ഹൈക്കോടതിയെ സമീപിച്ചതോടെ വിവാദം തിരഞ്ഞെടുപ്പു കമ്മിഷനും ബി.ജെ.പിയും തമ്മിലുള്ള തർക്കത്തിലേക്ക് വഴിമാറി.
കോടതി ഇടപെടുന്നതിനെ ഇന്നലെ ഹൈക്കോടതിയിൽ കമ്മിഷൻ എതിർത്തു. ദേവികുളത്ത് പത്രിക തള്ളിയതിനെതിരെ എൻ.ഡി.എയുടെ ഭാഗമായ എ.ഡി.എം.കെയിലെ ആർ.എം. ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. യു.ഡി.എഫ്- ബി.ജെ.പി ധാരണയെന്ന സി.പി.എം ആക്ഷേപത്തിന് തടയിടാനെന്നോണം തലശ്ശേരി കേസിൽ അവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി. അരവിന്ദാക്ഷൻ കക്ഷി ചേരാൻ രംഗത്തുവരുകയും ചെയ്തു.
അതിനിടെ,പത്രിക തള്ളാനിടയാക്കിയ പോരായ്‌മ എങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചാനലിൽ പ്രതികരിച്ചു.
പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് തീരുകയാണ്. എന്നിട്ടും, എലത്തൂരിലെ യു.ഡി.എഫ് തർക്കം സങ്കീർണമായി തുടരുന്നു.എൻ.സി.കെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി മാറില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മാണി സി.കാപ്പൻ നിലപാടെടുത്തു. യു.ഡി.എഫിന് ഒറ്റ സ്ഥാനാർത്ഥിയേ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിമതനെ പിൻവലിക്കാൻ പ്രാദേശിക കോൺഗ്രസ് നേതൃത്വം തയ്യാറല്ല. എം.കെ. രാഘവൻ എം.പിയും അവർക്കൊപ്പമാണ്.
ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പിണക്കം മാറിയിട്ടില്ല. അനുനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം കോൺഗ്രസിൽ തുടരുന്നു. എൽ.ഡി.എഫ് പോയാൽ യു.ഡി.എഫ് എന്ന അവസ്ഥ മാറിയെന്നും യു.ഡി.എഫ് തോറ്രാൽ മൂന്നാം ശക്തി വരുമെന്നും ഇന്നലെ ഇരിക്കൂറിൽ കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത് തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ്.
മുൻനിര നേതാക്കൾ വരവായി
പ്രചാരണത്തിന് മൂർച്ച കൂട്ടാൻ മൂന്ന് മുന്നണികളുടെയും മുൻനിര നേതാക്കൾ കേരളത്തിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എമ്മിന്റെ മുതിർന്ന പി.ബി അംഗങ്ങൾ തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
ഒടുങ്ങാതെ ശബരിമല വിവാദം
വികസന, ക്ഷേമ അജൻഡകൾ പ്രചാരണായുധമാക്കി തുടർഭരണ സാദ്ധ്യത തേടുന്ന ഇടതുമുന്നണിയെ തളയ്ക്കാൻ ശബരിമല വിഷയം മുറുകെപ്പിടിച്ചിരിക്കുകയാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾ. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം എന്തിനെന്ന് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതിപക്ഷം ആയുധമാക്കി. സി.പി.എമ്മിന്റെ തനിനിറം പുറത്തായെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. എൻ.എസ്.എസിനെതിരെ പ്രതികരിച്ച സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉണ്ടാക്കിയ മുറിവിൽ മുഖ്യമന്ത്രി മുളകരച്ചു തേച്ചെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുറ്റപ്പെടുത്തൽ. ബി.ജെ.പിയും ഇത് മുഖ്യപ്രചാരണായുധമാക്കുന്നു.