
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയ്ക്ക് സമീപത്തുള്ള വീട്ടമ്മയുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് മാല പൊട്ടിച്ച പ്രതിയെ പിടികൂടി. വെളളായണി ശാന്തിവിള സ്വദേശി സജി എന്ന് വിളിക്കുന്ന രാഹുലിനെയാണ് (37) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെളളിയാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഉച്ചക്കട പുലിയൂർക്കോണം എ.എസ് കോട്ടേജിൽ താമസിക്കുന്ന വീട്ടമ്മ തൊഴുത്തിന് സമീപം നിൽക്കവെ, അവിടെ എത്തിയ പ്രതി സ്ത്രീയുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞശേഷം മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പട്രോളിംഗ് സംഘം നടത്തിയ തെരച്ചിലിൽ സമീപത്തുളള ചാനൽ ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ ജി.രമേശ്, എസ്.ഐമാരായ രാജേഷ് കുമാർ,തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ അജി, കൃഷ്ണകുമാർ, സജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാന്റ് ചെയ്തു.