vld-2

വെള്ളറട: തെക്കൻ കുരിശുമലയിൽ ഇന്നലെ പുലർച്ചെ മുതൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 8 ദിവസമായി നടന്നു വരുന്ന തീർത്ഥാടനം ഇന്നലെ സമാപിച്ചു. വിവിധ ആരാധന ചടങ്ങുകളിലും ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ നെറുകയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും നിത്യാരാധന ചാപ്പലിൽ നടന്ന ദിവ്യബലിക്കും നെയ്യാറ്റിൻകര ലത്തീൻ രൂപത മെത്രാൻ ഡോ. വിൽസന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ആരാധനകൾക്ക് ക്രിസ്തുദാസ് തോംസനും ഫാ. സാബു വർഗീസും നേതൃത്വം നൽകി. വൈകിട്ട് 4ന് നടന്ന സമൂഹ ദിവ്യബലിക്ക് ഡോ. ഗ്രിഗറി ആർബി മുഖ്യകാർമ്മികത്വം വഹിച്ചു. സംഗമവേദിയിൽ നടന്ന സമാപന ദിവ്യബലിക്ക് തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഡോ. വിൽസന്റ് കെ. പീറ്റർ മുഖ്യകാർമ്മികനായി. തുടർന്ന് തീർത്ഥാടന പതാക ഇറക്കിയതോടുകൂടി ഒന്നാം ഘട്ട തീർത്ഥാടനത്തിന് സമാപനമായി. രണ്ടാം ഘട്ടം ഏപ്രിൽ 1, 2 തീയതികളിലായി നടക്കും.