
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ നാല് ലക്ഷം വ്യാജ പേരുകളുണ്ടെന്ന തന്റെ പരാതിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന മണ്ഡലങ്ങളുടെ വിവരങ്ങൾ അടുത്ത ദിവസം കൈമാറും. ജനവിധി അട്ടിമറിക്കുന്നതിന് ഭരണകക്ഷിയിലെ ഉദ്യോഗസ്ഥരാണ് വ്യാജ വോട്ടുകൾ ചേർത്തതെന്ന് സംശയിക്കണം.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് . പതിനായിരത്തിൽ താഴെ വോട്ടുകളാണ് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത്. വ്യാജ പേരുകളുപയോഗിച്ച് കള്ളവോട്ടിനുള്ള സാധ്യതയേറെയാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ട സ്ഥിതിക്ക് ഇനി പേരുകൾ ഒഴിവാക്കാനാവില്ല. ഇരട്ടിപ്പോ, വ്യാജമോ ആയ പേരുകൾ ഒഴിവാക്കണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കണം.. തെളിവെടുപ്പ് നടത്തണം. പരാതി ഉയർന്നതോടെ, മണ്ഡലങ്ങളിൽ പരിശോധന നടത്തി 20ന് മുമ്പ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചെങ്കിലും, തുടർ നടപടികളുണ്ടായതായി അറിയില്ല. ഒാരോ മണ്ഡലത്തിലും രണ്ടായിരം മുതൽ ആറായിരം വരെ വ്യാജവോട്ടുകളുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.