
തിരുവനന്തപുരം: മാനസിക രോഗികൾക്കും മറ്റ് ഗുരുതരരോഗമുള്ളവർക്കും നൽകുന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗുളികകൾ ലഹരി ഉപഭോഗത്തിനായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വില്പന നടത്തിയ ആളെ പിടികൂടി. അമ്പൂരി തേക്കുപാറ സ്വദേശി വിനോദ്കുമാറിനെയാണ് (31) ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ് ) ടീമിന്റെ സഹായത്തോടെ പൂജപ്പുര പൊലീസ് അറസ്റ്റുചെയ്‌തത്. ഇയാളിൽ നിന്ന് 150 ഗുളികകളും പിടിച്ചെടുത്തു. ഡോക്ടർമാരുടെ വ്യാജ കുറിപ്പടികൾ തയ്യാറാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഗുളികകൾ വാങ്ങി വിദ്യാർത്ഥികൾ ഉൾപ്പെയടെയുള്ളവർക്ക് വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. കുണ്ടമൺകടവ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐമാരായ അനൂപ് ചന്ദ്രൻ, സുരേഷ് കുമാർ, സിപിഒമാരായ സജീഷ്, ബിനോയ്, ഡാൻസാഫ് എസ്.ഐമാരായ ഗോപകുമാർ, അശോക് കുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.