
ഇത്രയും നാൾ വീട്ടമ്മമാർക്ക് മാത്രമായി ഒരു പദ്ധതിയും സംസ്ഥാനത്ത് ഇല്ലായിരുന്നു.ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടുമില്ല.എന്നാൽ എല്ലാ മുന്നണികളും ഞങ്ങളെ പരിഗണിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. ഏത് പാർട്ടി അധികാരത്തിൽ വന്നാലും അത്തരമൊരു പദ്ധതി നടപ്പിലാക്കിയാൽ ആശ്വാസമാകും. വീട്ടമ്മമാർക്ക് അത് വലിയ രീതിയിൽ പ്രയോജനപ്പെടും.രാവിലെ മുതൽ ഞങ്ങളും കഷ്ടപ്പെടുകയാണ്.അത് കുടുംബത്തിന് വേണ്ടിയാണ്.ഞങ്ങൾക്കും വേണ്ടേ ചെറിയ സമ്പാദ്യമൊക്കെ..
രമ്യ, വർക്കല
വലിയ സന്തോഷമുണ്ട്.വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ രാഷ്ട്രീയ പാർട്ടികളോട് നന്ദി പറയുന്നു. ചെയ്യുന്ന ജോലിക്ക് കൂലി എന്നല്ലാതെ ഒരു സഹായം അല്ലെങ്കിൽ കൈത്താങ്ങ് എന്ന രീതിയിലാണ് ഞാൻ ഇതിനെ കാണുന്നത്. പദ്ധതി എത്രയും വേഗം നടപ്പിലാക്കണം.അധികാരത്തിൽ വരുന്ന മുന്നണികൾ അതിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം.വാഗ്ദാനം മാത്രമാകരുത്.
ആരതി രാജേഷ് , പൂന്തുറ
ഇപ്പോഴെങ്കിലും പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്.അല്പം സമ്പാദ്യവും ആരെയും ആശ്രയിക്കാതെ കഴിയാനുള്ള പ്രാപ്തിയും വീട്ടമ്മമാർക്ക് ലഭിക്കും. ഇത്തരത്തിലുള്ള മാറ്രങ്ങൾ അനിവാര്യമാണ്.
രേണുക ,പേട്ട
വീട്ടമ്മമാർക്ക് ഏറെ പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ്. എല്ലാ കുടു ംബങ്ങളിലും സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് പ്രധാന വിഷയം. പ്രത്യേകിച്ച് തൊഴിൽ ഇല്ലാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ സഹായമായിരിക്കും ഇത്. എന്നാൽ അർഹരായവരെ കൃത്യമായി തിരഞ്ഞെടുത്ത് അവർക്ക് അത് ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതും ഭരണകർത്താക്കളുടെ ഉത്തരവാദിത്വമാണ്. ഇരു മുന്നണികളും ഇക്കാര്യം ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന്റെ പ്രായോഗികതയെക്കുറിച്ച് ചില ആശങ്കകളുണ്ട് .
മല്ലിക ബാലകൃഷ്ണൻ ,നാട്ടകം
യു.ഡി.എഫ് ഗവൺമെന്റ് മുൻപും ഭരിച്ചിട്ടുണ്ട്. ഈ പ്രകടന പത്രിക സമാനരീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. എത്ര കാര്യങ്ങൾ അവർ നടപ്പാക്കി എന്ന് മാത്രമാണ് ചിന്തിക്കേണ്ടത്. പ്രകടന പത്രികയിൽ വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ അത് നടപ്പാക്കുമെന്ന് ഉറപ്പാണ്. 600 രൂപ ക്ഷേമ പെൻഷൻ പോലും യു.ഡി.എഫ് സർക്കാർ നേരെ ചൊവ്വേ കൊടുക്കാതെ കുടിശിക വരുത്തി. ക്ഷേമപെൻഷൻ വീട്ടിൽ കൊണ്ടു തരുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത്
ഷൈനി അഷ്റഫ്,ചങ്ങനാശേരി
പെൻഷൻ പോര, ജീവിക്കാനുള്ള പദ്ധതികളാണ് വേണ്ടത്.വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനം ഉണ്ടാക്കാനുള്ള പദ്ധതി ആരും പറയുന്നില്ല. എല്ലാവർക്കും സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനായിരിക്കണം പ്രാധാന്യം. വിലക്കയറ്റം കുറക്കുകയും അക്രമരാഷ്ട്രീയം ഇല്ലാതാക്കുകയും വേണം. എന്നാൽ ഇതൊന്നും ഒരു മുന്നണിയുടെയും പ്രകടനപത്രികയിൽ കാണാനില്ല. ഞാൻ വെറുമൊരു വീട്ടമ്മയാണ്. സ്ത്രീസുരക്ഷ നടപ്പിലാക്കാൻ വ്യക്തമായ പദ്ധതികളില്ല.
രാജലക്ഷ്മി വർമ്മ,ഇടപ്പള്ളി
വീട്ടമ്മമാർക്കുള്ള പെൻഷനൊക്കെ വെറും വാഗ്ദാനങ്ങളാണ്. പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ മുന്നണികളെല്ലാം പിന്നിലാണ്. കഴിഞ്ഞ സർക്കാർ കൊവിഡ് കാലത്തും പ്രളയം വന്നപ്പോഴും ചിലകാര്യങ്ങൾ ചെയ്തു. എന്നാൽ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ല. യു.ഡി.എഫിന്റെ പ്രകടനപത്രികയിലും ഒരുപാട് കാര്യങ്ങൾ പറയുന്നു. അവരുടെ ഭരണകാലത്തും എന്താണ് ചെയ്തത്. അവരും എന്തെങ്കിലും നടപ്പിലാക്കുമെന്ന പ്രതീക്ഷയില്ല. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇരുമുന്നണികളും മിണ്ടുന്നില്ല. വൻകിട പദ്ധതിയായ അതിവേഗ റെയിൽ നമുക്കാവശ്യമില്ല. പകരം പാവങ്ങൾക്ക് കഞ്ഞികുടിക്കാനുള്ള നിരവധി ചെറിയ പദ്ധതികൾ വേണം.
അഡ്വ.റീത്ത ബാലചന്ദ്രൻ, എറണാകുളം
പ്രകടന പത്രികയിലെ വീട്ടമ്മ പെൻഷനെന്ന വാഗ്ദാനം സ്വാഗതാർഹമാണ്. പ്രകടന പത്രികയിലെ 90 ശതമാനം വാഗ്ദാനങ്ങളും പാലിച്ച സർക്കാരാണ് എൽ.ഡി.എഫിന്റേത്. എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണം ഒഴിവാക്കാനായുള്ള വാഗ്ദാനങ്ങളാണ് യു.ഡി.എഫ് മുന്നോട്ടു വച്ചത്. പക്ഷേ, അത് എത്രത്തോളം നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല.
സി.എസ്. ഷെഹീദ, കോട്ടയം
വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന മുന്നണികളുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടും. ഏത് മുന്നണി അധികാരത്തിൽ വന്നാലും വീട്ടമ്മ പെൻഷൻ നടപ്പാക്കണം.
രജില മണി വടമ,എറണാകുളം
വീട്ടമ്മ പെൻഷൻ നടപ്പാക്കിയാൽ ഞങ്ങളെ പോലുള്ള കുടുംബങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യും. ആരുടെയും മുന്നിൽ കൈനീട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കാം. പ്രത്യേകിച്ച് സ്ത്രീകൾക്ക് ലഭിക്കുന്ന ഈ വരുമാനം കുടുംബത്തിനാകെ ആശ്വാസമായിരിക്കും.
നിർമ്മല,എറണാകുളം
വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഏറെ ആശ്വാസകരമാണ്. എല്ലാ വീട്ടമ്മമാരുടെയും കുടുംബ ബഡ്ജറ്റ് താളം തെറ്റിയിരിക്കുന്ന കാലമാണിത്. കൊവിഡ് വ്യാപനവും തൊഴിൽ പ്രതിസന്ധികളും ഗുരുതരമായി അടുക്കളയെ ബാധിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഈ തീരുമാനം വളരെ പ്രതീക്ഷ നൽകുന്നു.
മുനീറ പ്രവീൺ,തൃശൂർ
വീട്ടമ്മമാർക്ക് ശമ്പളം ഏർപ്പെടുത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നും നടപ്പായില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെങ്കിലും വീട്ടമ്മമാരെ 'വോട്ടുബാങ്കായി' കണ്ടതിൽ സന്തോഷം. മാസാമാസം ക്ഷേമനിധി അടയ്ക്കണോ, അതോ ഒന്നും അടയ്ക്കാതെ തന്നെ 60 വയസ് വരെ പെൻഷൻ ലഭിച്ചുകൊണ്ടേയിരിക്കുമോ എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.
ആതിര മനു,ഹരിപ്പാട്
40നും 60നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് മാസം ഒരു തുക നൽകുക എന്നത്, വളരെ നല്ല ആശയമാണ്. പട്ടണിയിൽ മുങ്ങിനിൽക്കുന്ന പല കുടുംബങ്ങൾക്കും അത് വലിയ കൈത്താങ്ങാകും.
ലേഖ ഷാജി,ആലപ്പുഴ