
പാലക്കാട്: വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുടെ ഈസ്റ്റർ ചന്തയുമായി കൺസ്യൂമർഫെഡ്. വിലക്കയറ്റം പിടിച്ച് നിർത്താൻ ഈസ്റ്ററിനാണ് കൺസ്യൂമർഫെഡിന്റെ ചന്തകളൊരുങ്ങുന്നത്. ജില്ലയിൽ സഹകരണ സംഘങ്ങൾക്ക് കീഴിൽ 60 കേന്ദ്രങ്ങളിലാണ് ഈസ്റ്റർ ചന്ത ഒരുങ്ങുക. 28 മുതൽ ഏപ്രിൽ മൂന്ന് വരെ സബ്‌സിഡി നിരക്കിൽ ചന്തകൾ പ്രവർത്തിക്കും. ചന്തകൾക്ക് ആവശ്യമായ സാധനങ്ങൾ 22ന് ജില്ലയിലെത്തും. 27ന് മുമ്പ് ചന്തകൾ ക്രമീകരിക്കാൻ കൺസ്യൂമർഫെഡ് സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകിയുണ്ടെന്ന് അധികൃതർ പറഞ്ഞു.
22 മുതൽ 27 വരെ ചന്തകളിലേക്ക് സാധനങ്ങൾ കൺസ്യൂമർഫെഡ് എത്തിക്കും. സഹകരണ സംഘങ്ങളുടെ ചന്തകൾക്ക് പുറമെ കൺസ്യൂമർഫെഡിന്റെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ഈ സബ്‌സിഡിയുണ്ടാകും. 13 ഇനങ്ങൾ സബ്‌സിഡി ഇനത്തിൽ വൻവിലക്കുറവിൽ ചന്തകളിലൂടെ ലഭിക്കും. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്റെ ചന്തകൾ ജനങ്ങൾക്ക് പ്രയോജനമാകും. മറ്റ് സാധനങ്ങൾ പൊതുവിപണിയേക്കാൾ പത്തു മുതൽ 30 ശതമാനം വിലക്കുറവിലാണ് വില്പന നടത്തുക.
വിഷു വിപണികൂടി മുന്നിൽ കണ്ട് പുളിയവര, ശർക്കര എന്നിവയും ചന്തയിൽ ഒരുക്കുന്നുണ്ട്. ഈസ്റ്റർ വിപണിക്ക് ശേഷം വിഷുവിനോട് അനുബന്ധിച്ചും ഇത്തരത്തിൽ ചന്തകൾ നടത്താൻ കൺസ്യൂമർഫെഡ് ആലോചിക്കുന്നുണ്ട്.
വി.ശുഭ, ജില്ലാ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്
സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ (വില)
1. ജയ അരി- 25
2. കുറുവ അരി -25
3. കുത്തരി -24
4. പച്ചരി- 23
5. പഞ്ചസാര- 22
6. വെളിച്ചെണ്ണ (500മില്ലി)- 46
7. ചെറുപയർ- 74
8. കടല- 43
9. ഉഴുന്ന് -66
10. വൻപയർ -45
11. തുവരപ്പരിപ്പ്- 65
12. മുളക്- 75
13. മല്ലി- 79