
പഴയങ്ങാടി: കടുത്ത വേനലിൽ ദാഹജലം കിട്ടാതെ പക്ഷികൾ ചത്തൊടുങ്ങുന്നു. മുൻകാലങ്ങളിൽ പറവകൾക്കായി തണ്ണീർക്കുടങ്ങൾ ഒരുക്കുന്നതിൽ വിവിധ സംഘടനകൾ താത്പര്യം കാട്ടിയിരുന്നെങ്കിലും ഈ വേനൽക്കാലത്ത് എവിടെയും കാണാനില്ല. ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുമ്പോൾ ദാഹജലത്തിനായി പക്ഷി മൃഗാദികൾ അലയുകയാണ്. ക്ഷേത്ര കുളങ്ങളും പൊതുകുളങ്ങളും വറ്റുവരണ്ടു. മാടായിപ്പാറയിലെ വടുകുന്ദ ക്ഷേത്ര തടാകമൊഴികെയുള്ള പ്രദേശത്തെ പതിമൂന്നോളം കുളങ്ങളും വറ്റി. മാടായി ശ്രീകൃഷ്ണ ക്ഷേത്ര കുളം വറ്റിവരണ്ടു കിടക്കുകയാണ്. ഒരേക്കറോളവും വിസ്തീർണ്ണമുള്ള കുളം സംരക്ഷിക്കണമെന്ന് നാട്ടുകാർ ഏറെ കാലമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കുളം സംരക്ഷണ പ്രവർത്തി എങ്ങുമെത്തിയില്ല.
മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം സംരക്ഷിക്കാൻ നടപടി ഇല്ലാത്തതാണ് കുടിവെള്ള സ്രോതസുകൾ ഇല്ലാതാകാൻ കാരണം. ഒരേക്കറോളം വലിപ്പമുള്ള ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ മഴക്കാലത്ത് നിറയെ വെള്ളം ഉണ്ടാകും. ഒരു കാലത്ത് നാടിന്റെ പ്രധാന ജലസംഭരണി ആയിരുന്നു ഈ കുളം. പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നതിന് ഈ കുളം ഏറെ സഹായകരമായിരുന്നു. കുളത്തിന്റെ പടവുകൾ ഇടിഞ്ഞു വീണ അവസ്ഥയിലാണ്. നേരത്തെ ഇതിനോട് ചേർന്ന് നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽ നിന്നായിരുന്നു വേനൽക്കാലത്ത് പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്. ഇവിടെ നിന്നുളള കുടിവെള്ള വിതരണം നിലച്ചതോടെ കുടിവെള്ളം കിട്ടാതെ ജനവും പറവകളും വലയുകയാണ്.