koyilandi

കൊയിലാണ്ടി: എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ കണ്ണ് തീരദേശ വോട്ടർമാരിലേക്ക്. കൊയിലാണ്ടിയിലെ വിജയ-പരാജയം നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് തീരദേശ വോട്ടർമാർ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്ഥാനാർത്ഥികളെ വിലയിരുത്തിയാണ് പഴയ കാലങ്ങളിൽ വോട്ട് രേഖപ്പെടുത്താറെന്ന് മത്സ്യ തൊഴിലാളി നേതാക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ഒന്നുരണ്ടു തവണയായി അതിന് മാറ്റം വന്നിരിക്കുകയാണെന്നും അവർ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടർമാരിൽ ഇരുപത് ശതമാനത്തിലധികം തീരദേശ വോട്ടർമാരാണ്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണന് മത്സ്യ തൊഴിലാളി മേഖലയുമായി നേരിട്ട് ബന്ധമുള്ളതാണ് യു.ഡി.എഫിനേയും എൽ.ഡി.എഫിനേയും ബുദ്ധിമുട്ടിക്കുന്നത്. ഒ.ബിസി മോർച്ചയുടെ സംസ്ഥാന നേതാവ് കൂടിയാണ് രാധാകൃഷ്ണൻ. അതോടൊപ്പം ആഴക്കടൽ മത്സ്യബന്ധന അനുമതിയുമായി സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് എൻ.ഡി.എയുടെ പ്രചാരണം. മറുഭാഗത്ത് യു.ഡി.എഫ് ഭയപ്പെടുന്നത് പരമ്പരാഗത
ഹിന്ദു കോൺഗ്രസ് വോട്ടുകൾ ചോർന്ന് പോകുമോ എന്ന ആശങ്കയിലാണ്. ആദ്യ ദിവസങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ തീരദേശം കേന്ദ്രീകരിച്ചാണ് പ്രവർത്തനം നീക്കിയത്. തീരദേശത്തിന്റെ സമഗ്ര പുരോഗതി ഉറപ്പ് വരുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എൽ.ഡി.എഫിന് സംഘടനാപരമായി മേൽക്കൈ ഇല്ലാത്ത ഇടമാണ് തീരപ്രദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കെ. ദാസന് വ്യക്തിപരമായി വലിയതോതിൽ വോട്ടു ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനാർത്ഥി മാറിയതോടെ ആ വിഭാഗത്തെ എങ്ങനെ കൂടെ നിർത്താൻ കഴിയുമെന്നാണ് ആലോചന. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയ്‌ക്കെതിരെ ശക്തമായ നീക്കമാണ് മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ജാതിയും മതവും അടിയൊഴുക്കായി മാറുന്ന ഇത്തവണ വിജയത്തിനായി പുതിയ നീക്കത്തിനായി ഒരുങ്ങുകയാണ് മൂന്നു മുന്നണികളും.