election

തിരുവനന്തപുരം: പത്രിക പിൻവലിക്കലും പിന്നിട്ട് സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ , തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. മൂന്ന് മുന്നണികൾക്കും തലവേദനയായി പുതിയ പൊല്ലാപ്പുകളും. ഇന്ദിരാഭവന് മുമ്പിൽ തല മുണ്ഡനം ചെയ്ത് പാർട്ടിയെ ഞെട്ടിച്ച ലതികാസുഭാഷിന് പിന്നാലെ, മുൻ എം.എൽ.എയും വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ കെ.പി.സി.സി വൈസ് പ്രസി‌ഡന്റ് കെ.സി.റോസക്കുട്ടി കോൺഗ്രസ് വിട്ടത് യു.ഡി.എഫിന് തിരിച്ചടിയായി. നിർണായക തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളില്ലാതാവുന്നത് എൻ.ഡി.എയ്ക്കും കടുത്ത പ്രഹരമായി. അടഞ്ഞ അദ്ധ്യായമെന്ന് കരുതിയ ശബരിമല വിഷയം എൽ.ഡി.എഫിനെ വീണ്ടും ആഞ്ഞു കൊത്തുന്നു.

 എൻ.ഡി.എയ്ക്ക് തിരിച്ചടി

തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതായത് എൻ.ഡി.എയ്ക്ക് തിരിച്ചടിയായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. അത്തരം സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യത്തിൽ മറ്റ് രണ്ട് മണ്ഡലങ്ങളിൽ എൻ.ഡി.എ എന്തു നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്.

 യു.ഡി.എഫിന് തുടർപ്രഹരം

ലതികയുടെ മൊട്ടയടിക്കും പി.സി ചാക്കോയുടെ കളം മാറ്റത്തിനും പിന്നാലെ

കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള കെ.സി.റോസക്കുട്ടിയുടെ രാജി തീർത്തും അപ്രതീക്ഷിതമായിരുന്നു. അനുനയിപ്പിക്കാൻ നേതാക്കൾ കിണഞ്ഞു ശ്രമിച്ചെങ്കിലും പാർട്ടിയുടെ പ്രാഥമികാംഗത്വം പോലും രാജിവച്ച അവർ, മണിക്കൂറുകൾക്കുള്ളിൽ ഇടതുക്യാമ്പിലെത്തിയത് കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി.

 ശബരിമല കഠിനം

എൻ.ഡി.എ, യു.ഡി.എഫ് മുന്നണികൾക്ക് പുറമെ എൻ.എസ്.എസും ശബരിമല വിഷയം ഉയർത്തിപ്പിടിക്കുകയാണ്. വിഷയത്തിൽ ഇടതു നേതാക്കൾ അതിരുകടക്കുകയാണെന്നാണ് ഇന്നലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത്. അധികാരത്തിന്റെ തള്ളലിൽ ആചാരാനുഷ്ഠാനങ്ങൾ മറന്നാൽ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇടതുമുന്നണി ശക്തമായ പ്രതിരോധം തീർക്കുകയാണ്.

 മണ്ഡലങ്ങളുടെ മാറിമറിയൽ

യു.ഡി.എഫിൽ ഏറെ വിവാദങ്ങൾക്ക് ശേഷം എലത്തൂർ സീറ്റ് എൻ.സി.കെയ്ക്ക് വിട്ട് നൽകാൻ തീരുമാനിച്ചതോടെ, കോൺഗ്രസ് പ്രാദേശിക നേതാവ് ദിനേശ് മണി മനസില്ലാ മനസോടെ പത്രിക പിൻവലിച്ചു. എലത്തൂർ സീറ്റ് ഘടകകക്ഷിക്ക് നൽകുന്നതിൽ പാർട്ടിക്കുള്ളിലെ എതിർപ്പ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.

കൊണ്ടോട്ടിയിൽ കെ.പി.സുലൈമാൻഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചത് എൽ.ഡി.എഫിന് ആശ്വാസമായി. സ്വത്തുവിവരം അടക്കം ചില കാര്യങ്ങൾ മറച്ചുവച്ചെന്ന യു.ഡി.എഫ് പരാതിയിലാണ് ഇടത് സ്വതന്ത്രനായ സുലൈമാൻ ഹാജിയുടെ പത്രിക മാറ്റിവച്ചത്.