
തിരുവനന്തപുരം: നടനും തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിനെ എല്ലാവർക്കുമറിയാം. എന്നാൽ 150 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച കൃഷ്ണകുമാറിന് അധികമാർക്കും അറിയാത്ത ഒരു ഫ്ളാഷ്ബാക്കുണ്ട്. ഏയ് ഓട്ടോ സിനിമയിലെ മോഹൻലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.
ആ കഥ ഇങ്ങനെ; കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം.
ഞാനന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിലെന്ന് കൃഷ്ണകുമാർ പറയുന്നു. ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു.പിന്നെ ന്യൂസ് റീഡറായി.സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
സിനിമകൾ കൂടുതൽ വരുമ്പോൾ സന്തോഷിക്കാറില്ല. സിനിമ ഇല്ലാതിരിക്കുമ്പോൾ വിഷമിക്കാറുമില്ല. എന്ത് ജോലിയും ചെയ്യും. ജോലിയേതായാലും അഭിമാനത്തോടെ ചെയ്യുക.
-കൃഷ്ണകുമാർ.ജി