1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചിട്ട് നാളുകളേറെയായി. അഞ്ചു വർഷം മുൻപാണ് 'അമ്മത്തൊട്ടിൽ' നീക്കം ചെയ്തശേഷം അവിടെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇവിടേക്ക് പൊലീസുകാർ എത്താതെ പ്രവർത്തനം ഏതാണ്ട് നിലച്ചമട്ടാണ്.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡഡ് പോസ്റ്റ് സ്ഥാപിച്ചതോടെ മോഷണവും, ജീവനക്കാർക്കെതിരെയുള്ള ആക്രമണങ്ങൾക്കും ഒരു പരിധി വരെ ഗുണകരമായിരുന്നു. പിന്നീടങ്ങോട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ നിർദേശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതായി. അടുത്തിടെ ആശുപത്രിയിൽ വനിതാസെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് ആക്രമിച്ച സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. പൊലീസ് ഇല്ലത്താതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതിനുള്ള കാരണം. വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രിജീവനക്കാർ പണിമുടക്കുകയും ഉണ്ടായി. ആശുപത്രിയും പരിസരവും മദ്യപാനികളുടെ വിഹാര കേന്ദ്രമാണ്, കൂട്ടിരിപ്പുകാരുടെ പണം മോഷ്ടാക്കൾ അപഹരികുന്നതും പതിവാണിവിടെ. പൊലീസ് എയ്ഡ് പോസ്റ്റിൽ ഉദ്യോഗസ്ഥർ എത്താത്തതിൽ നടപടി സ്വീകരിക്കണമെന്നാണ് ജനറൽ ആശുപത്രി ജീവനക്കാരുടെയും യൂണിയനുകളുടെയും ആവശ്യം.

അതിഥികളില്ലാതെ അമ്മത്തൊട്ടിൽ

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ജില്ലാ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയോളം ചെലവാക്കി അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. എന്നാൽ അമ്മത്തൊട്ടിലിലേക്ക് കുട്ടികളുമായി ആരും എത്താറില്ലായിരുന്നു. നവജാത ശിശുക്കളെ കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവങ്ങളും നെയ്യാറ്റിൻകരയിൽ ഉണ്ടാതോടെയാണ് അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അതിനുശേഷം ആശുപത്രിയിൽ കാമറ സ്ഥാപിച്ചതാകാം അമ്മത്തൊട്ടിലിൽ ആരും അടുക്കാത്തതെന്നും പരാതി ഉയർന്നിരുന്നു. തുടർന്നാണ് അമ്മത്തൊട്ടിലിനെ പൊലീസ് എയ്ഡ് പോസ്റ്റാക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്.