kk-

സംസ്ഥാനത്ത് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രകടനപത്രികകൾ പരിശോധിച്ചാൽ വാഗ്ദാനങ്ങൾക്ക് അതിരുകളേയില്ലെന്നു കാണാം. വോട്ടർമാരെ ഹഠാദാകർഷിക്കുന്ന വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്നതിൽ ശക്തമായ മത്സരം തന്നെ കാണാം. വോട്ടെടുപ്പിനു മുന്നോടിയായി മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികകൾ അപ്പാടെ വിശ്വാസത്തിലെടുക്കാൻ പലരും മടിക്കുമെങ്കിലും അധികാരത്തിലേറാൻ അവസരം ലഭിച്ചാൽ എന്തൊക്കെ ആ സർക്കാരിൽ നിന്നു പ്രതീക്ഷിക്കാമെന്നതു സംബന്ധിച്ച് വിലപ്പെട്ട രേഖ തന്നെയാണത്.

ഇവിടെ മാത്രമല്ല തിരഞ്ഞെടുപ്പു നടക്കുന്ന മറ്റ് നാലു സംസ്ഥാനങ്ങളിലും ഇതിനകം പുറത്തുവന്ന പ്രകടനപത്രികകൾ പരിശോധിച്ചാൽ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്കു തന്നെ ദർശിക്കാനാകും. മുക്കാൽ നൂറ്റാണ്ടുകാലത്തെ ജനക്ഷേമ ഭരണം കഴിയുമ്പോഴും പാവപ്പെട്ടവരുടെയും ദരിദ്രരുടെയും സംഖ്യ വലിയ തോതിൽ തുടരുന്നതിനാൽ പുതിയ ജനക്ഷേമ പരിപാടികൾ ധാരാളമായി വേണ്ടിവരികയും ചെയ്യും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങളിൽ ഒട്ടുമിക്കവയും നടപ്പാക്കാനായതിൽ അവർക്കു തീർച്ചയായും അഭിമാനിക്കാം. ഈ നേട്ടവുമായാണ് അവർ ഇക്കുറി വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ പടിപടിയായി 1600 രൂപയിലെത്തിക്കാനും എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു. വീണ്ടും അധികാരത്തിലേറിയാൽ അത് 2500 രൂപ വരെയായി ഉയർത്തുമെന്നാണു വാഗ്ദാനം. ഒരു പടി കൂടി കടന്ന് ക്ഷേമ പെൻഷൻ 3000 രൂപ നൽകുമെന്നാണ് യു.ഡി.എഫിന്റെ ഉറപ്പ്. ഇതോടൊപ്പം പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ വച്ച് ഒരു വർഷം 72000 രൂപ നൽകാനുള്ള പദ്ധതി നടപ്പാക്കുമെന്ന ഉറപ്പും നൽകുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച വാഗ്ദാനമാണിത്. അതിഭീമമായ തോതിൽ പണം വേണ്ടിവരുന്ന ഈ പദ്ധതിക്കാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന് അന്നേ ദേശീയ തലത്തിൽ ചോദ്യം ഉയർന്നതാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടം അൻപതു സീറ്റിൽ താഴെ ഒതുങ്ങിയതിനാൽ ആ വാഗ്ദാനം അപ്രസക്തവുമായി.

ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ 900 വാഗ്ദാനങ്ങൾ ജനങ്ങൾക്കു നൽകുമ്പോൾ യു.ഡി.എഫ് 832 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഉയർന്ന വരുമാനക്കാർക്കും സൗജന്യ ധാന്യവിതരണം, 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 700 രൂപ മിനിമം കൂലി, തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് 2000 രൂപ മാസ പെൻഷൻ, കാർഷികകടം എഴുതിത്തള്ളൽ, കമ്പനികൾ കൈവശം വച്ചിരിക്കുന്ന അഞ്ചരലക്ഷം ഏക്കർ വനഭൂമി തിരിച്ചെടുക്കാൻ നിയമം, മലയോര പട്ടയം, ആറുവരി പാത, മെട്രോ പദ്ധതകൾ, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കാരുണ്യ പദ്ധതിയുടെ പുനരുജ്ജീവനം തുടങ്ങി ആകർഷകമായ അനവധി കാര്യങ്ങൾ യു.ഡി.എഫ് പ്രകടനപത്രിക ഉൾക്കൊള്ളുന്നു. ആദ്യം പുറത്തിറങ്ങിയ ഇടതുമുന്നണി പത്രികയും ആകർഷകങ്ങളായ അനേകം നിർദ്ദേശങ്ങളാൽ സമൃദ്ധമായിരുന്നു. അൻപതുലക്ഷം പേർക്ക് പുതുതായി തൊഴിൽ, 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ, റബർ തറവില 250 രൂപയായി ഉയർത്തൽ, കൃഷി വികസന പദ്ധതികൾ, പൊതുവിദ്യാലയങ്ങളുടെ നവീകരണം, ദരിദ്ര കുടുംബങ്ങൾക്ക് ഉദാരമായി വായ്പകൾ, വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി, മുതിർന്ന പൗരന്മാർക്ക് സേവനങ്ങൾ വീട്ടുപടിക്കൽ, വ്യവസായ രംഗത്ത് 10000 കോടിയുടെ നിക്ഷേപം, പി.എസ്.സി നിയമനങ്ങളിലെ കാലതാമസം ഇല്ലാതാക്കൽ തുടങ്ങി സർവ മേഖലകളെയും സ്പർശിക്കുന്ന പരിഷ്കാര നടപടികളാണ് ഇടതുമുന്നണി ജനങ്ങൾക്കു നൽകുന്ന വാഗ്ദാനം.

ഓരോ തിരഞ്ഞെടുപ്പും ജനങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ പ്രതീക്ഷകളുടെയും ആഗ്രഹ സാഫല്യത്തിന്റെയും മുഹൂർത്തം കൂടിയാണ്. സാക്ഷരതയിലും രാഷ്ട്രീയ സാക്ഷരതയിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളികളിൽ അധികം പേർക്കും വ്യക്തവും സ്പഷ്ടവുമായ രാഷ്ട്രീയ നിലപാടുള്ളവരുമാണ്. ജയാപജയങ്ങളിൽ പ്രകടന പത്രികകൾ എത്രമാത്രം സ്വാധീനിക്കുമെന്ന് പറയാനാകില്ല. എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങൾ നിരത്തി കബളിപ്പിക്കാനുമാകില്ല. വൻ സാമ്പത്തിക ബാദ്ധ്യത വേണ്ടിവരുന്ന വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കാമെന്നുകൂടി ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. മാസാമാസം മൂവായിരവും ആറായിരവുമൊക്കെ നൽകേണ്ടിവരുന്നത് നൂറോ ആയിരമോ കുടുംബങ്ങൾക്കല്ല. ലക്ഷക്കണക്കിനു കുടുംബങ്ങൾക്കാണ്. വലിയ തോതിൽ പണം വേണ്ടിവരുന്ന ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള വക എങ്ങനെ കണ്ടെത്തുമെന്ന് ആലോചിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് എൻ.ഡി.എ നേതാക്കൾ മുന്നോട്ടുവച്ച ഒരു വാഗ്ദാനം ഇന്നും തിരഞ്ഞെടുപ്പുവേദികളിൽ മുഴങ്ങാറുണ്ട്. വിദേശ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് വീതിച്ച് നാട്ടുകാരുടെ അക്കൗണ്ടിലിടുമെന്നായിരുന്നു പറഞ്ഞുകേട്ടത്. തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം അതേപ്പറ്റി പിന്നെ ഒന്നും കേട്ടതുമില്ല.

സർക്കാരിന്റെ ധനസ്ഥിതി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശമ്പളവും പെൻഷനും ക്ഷേമാശ്വാസവും കഴിഞ്ഞാൽ വികസനത്തിന് മിച്ചമൊന്നുമില്ലെന്ന അവസ്ഥയാണുള്ളത്. ശമ്പളം മുടങ്ങാതിരിക്കാൻ തന്നെ പലപ്പോഴും കടം കൊള്ളേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിൽ ദുർവഹമായ ഭാരമുണ്ടാക്കുന്ന വലിയ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നുകൂടി ആലോചിക്കണം. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരിൽ മാത്രം എത്താൻകൂടി ശ്രദ്ധിക്കണം. ഗുണഭോക്താക്കളിൽ വ്യാജന്മാർ ധാരാളം കടന്നുകൂടാറുണ്ടെന്നുള്ളത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്.