
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡുകളുടെ ഭരണം വിശ്വാസികൾക്ക് നൽകുമെന്നും ലൗ ജിഹാദിനെതിരെ യു.പി മാതൃകയിൽ നിയമം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേവസ്വം ബോർഡുകളെ പാർട്ടി പ്രവർത്തന വേദിയാക്കി സി.പി.എം മാറ്റി. ഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിച്ചാണ് വിശ്വാസികളല്ലാത്തവർ ക്ഷേത്രങ്ങൾ ഭരിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് മതതീവ്രവാദ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൗജിഹാദ് പരിപാടിക്ക് അന്ത്യംകുറിക്കുന്ന നിയമനിർമ്മാണം കേരളത്തിലും കൊണ്ടുവരുമെന്ന് സദാനന്ദഗൗഡ പറഞ്ഞു.
 ഇടതുസർക്കാരിനെതിരെ കുറ്റപത്രം
സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരായ കുറ്റപത്രം സദാനന്ദ ഗൗഡ പ്രകാശനം ചെയ്തു. തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് സി.പി. രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. സ്വജനപക്ഷപാതവും അഴിമതിയും സ്വർണക്കടത്തുമാണ് പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര. പൊലീസിനെ ഉപയോഗിച്ചുളള കൊടുംക്രൂരതകളും വിശ്വാസി സമൂഹത്തെ ചവിട്ടിമെതിച്ചുള്ള ശബരിമല പ്രശ്നത്തിലേതുപോലുള്ള സമീപനങ്ങളും വിദേശസ്ഥാപനങ്ങൾക്ക് സംസ്ഥാനത്തെ ഡാറ്റ കച്ചവടം നടത്തുന്നതും ജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളായി കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ജോർജ്ജ് കുര്യൻ, അഡ്വ. എസ്. സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.