ddd

കിളിമാനൂർ: പഴഞ്ചൻ സ്റ്റൈലൊക്കെ പടിക്കുപുറത്ത്. മാസ് ലുക്കിൽ സ്ഥാനാർത്ഥികൾ. ഓർഡർ നൽകിയാൽ സ്ഥാനാർത്ഥികളെ പുതിയ ഗെറ്റപ്പിലാക്കി വൈറലാക്കി കളയുന്ന പഹയന്മാരുണ്ട് നാട്ടിൽ. സ്ലോ മോഷനിൽ പിന്നണിഗാനത്തിന്റെ അകമ്പടിയോടെ സിനിമാസ്റ്റൈലിൽ ഇറങ്ങിവരുന്ന സ്ഥാനാർത്ഥികളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വിലസുന്നത്. പഴയപോലെ ചിരിച്ച ചിത്രത്തിലൊന്നും കാര്യമില്ല. അതിനുപകരമാണ് പുതിയ സംവിധാനം. ആക്ഷൻ ചിത്രങ്ങളും അഭിനയവും പാട്ടുമെല്ലാമുണ്ടിതിൽ.

സ്റ്റൈലൻ ഫോട്ടോ ഷൂട്ട്

ചെറുപ്പക്കാർ മുതൽ പ്രായമായവർക്ക് വരെ ഫോട്ടോയിൽ ഗ്ലാമർ ആയിരിക്കണം. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മുഖചിത്രമാണ് ആദ്യം എടുക്കുന്നത്. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താനുള്ള ആദ്യ അടവ്. രണ്ടാംഘട്ടമായി ഹാഫ് സൈസ് ഫോട്ടോ. പല വേഷങ്ങളിലുള്ള ആക്ഷൻ ചിത്രങ്ങൾ ഉൾപ്പെടെ ഇതിലുണ്ടാകും. പ്രൊമോഷൻ ക്യാമ്പയിനുകളുടെ ഭാഗമായുള്ള ചിത്രങ്ങളും ഉണ്ടാകും. ഒരു സ്ഥാനാർത്ഥിയായി കുറഞ്ഞത് അൻപതിനായിരം മുതൽ എഴുപതിനായിരം എണ്ണം വരെപലരൂപത്തിലും വലുപ്പത്തിലുമുള്ള പോസ്റ്ററുകൾ അച്ചടിക്കും. ഒന്നേകാൽ ലക്ഷം രൂപ മുതൽ ഇതിനു ചെലവു വരും.

ഫോണിലുമുണ്ട് സ്ഥാനാർത്ഥി

ഫോണിലേക്ക് വിളിച്ചും വോട്ട് ചോദിക്കാം. ഇതിനായി സ്ഥാനാർത്ഥിയുടെ വോയിസ് റെക്കാഡ് ചെയ്ത് ബി.എസ്.എൻ.എൽ ഉൾപ്പെടെ സർവീസ് പ്രോവൈഡർമാർക്ക് നൽകണം. ഒരു കോളിന് ഒന്നര രൂപയാാണ് നിരക്ക്.

ചെലവ് ലക്ഷങ്ങൾ

സ്ഥാനാർത്ഥികളെ വൈറലാക്കുന്ന ചെറിയ പോസ്റ്ററുകൾ മുതൽ പ്രചാരണത്തിനായുള്ള ജീപ്പ് വരെ പാക്കേജിൽ ഉൾപ്പെടും. പലതരത്തിലുള്ള സ്റ്റീൽ ഫോട്ടോ, വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പ്രമോഷൻ ക്യാമ്പയിനുകൾ, പാരഡി ഗാനങ്ങൾ, റെക്കാഡിംഗ് മെസേജുകൾ, പ്രചാരണത്തിന് തുറന്ന ജീപ്പുകൾ എന്നിവ അടങ്ങുന്നതാണ് പാക്കേജ്.

വീഡിയോ മസ്റ്റ്

സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സജീവമായതോടെയാണ് സ്ഥാനാർത്ഥികൾ വീഡിയോ നിർമ്മിക്കണമെന്ന നിബന്ധനയുമായി മുന്നോട്ടു വന്നത്. മൂന്ന് മിനിട്ടു വരെ ദൈർഘ്യമുള്ള വീഡിയോകൾ ചിത്രീകരിക്കാറുണ്ട്. വീര പരിവേഷം നൽകുന്ന തരത്തിലുള്ള സിനിമ സ്റ്റൈൽ വീഡിയോകൾ ആവശ്യപ്പെടുന്നവരുമുണ്ട്. 15,000 മുതൽ 50,000 രൂപവരെ ചെലവ് വരും. ഷൂട്ടിംഗ്, എഡിറ്റിംഗ്, വീഡിയോയുടെ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചാകും വില.