
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന അന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ളയുടെ ആരോപണം യു.ഡി.എഫും ബി.ജെ.പിയും തള്ളി. സുരേന്ദ്രൻ പിള്ള മത്സരിച്ചതുകൊണ്ടാണ് നേമത്ത് അപകടമുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പ് സമയത്താണ് ജനാധിപത്യ കേരള കോൺഗ്രസ് വിട്ട് സുരേന്ദ്രൻപിള്ള ജെ.ഡി.യുവിലെത്തിയത്. സുരേന്ദ്രൻപിള്ള പാർട്ടികൾ മാറിമാറി മത്സരിക്കുന്നത് ജനങ്ങൾക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്തെ യു.ഡി.എഫ് വോട്ട് പലവഴിക്ക് ചോർന്നിട്ടുണ്ടാകാമെന്ന് ഇപ്പോഴത്തെ സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. ചോർച്ചയ്ക്ക് കാരണം യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി. സുരേന്ദ്രൻപിള്ളയോടുള്ള ഇഷ്ടക്കേടും ബി.ജെ.പി സ്ഥാനാർത്ഥി ഒ. രാജഗോപാലിന് ലഭിച്ച സഹതാപവുമാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ വോട്ട് കച്ചവടമല്ല ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്നും പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.