
ഗൂഢാലോചനയ്ക്ക് തെളിവില്ല
കാസർകോട്: കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫ് (28) കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിന് മുമ്പാണ് 2000 ത്തോളം പേജുള്ള കുറ്റപത്രം കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ് കോടതിയിൽ സമർപ്പിച്ചത്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് തന്നെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് സംഘം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ ഇടയായതിന്റെ വൈരാഗ്യമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഔഫിന്റെ കൊലയ്ക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
101 സാക്ഷികളുടെ വിവരങ്ങൾ, അന്വേഷണ സംഘം ബന്തവസിലെടുത്ത 43 തൊണ്ടിമുതലുകൾ, ചികിത്സാരേഖകൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ, ഫോൺ കോൾ രേഖകൾ, കണ്ണൂർ റീജണൽ ലാബിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ അടക്കം 42 രേഖകൾ കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊലക്കേസിൽ അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് (29), യൂത്ത് ലീഗ് പ്രവർത്തകരായ ഹസൈൻ എന്ന ഹസൻ(30), ഹാഷിർ (27) എന്നിവർക്കെതിരെയാണ് കുറ്റപത്രം.
2020 ഡിസംബർ 23 ന് ബുധനാഴ്ച രാത്രി പത്തര മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന അബ്ദുൾ റഹ്മാൻ ഔഫിനെ കല്ലൂരാവി മുണ്ടത്തോട് വെച്ച് വഴിയിൽ ഒളിഞ്ഞിരുന്ന പ്രതികൾ തടഞ്ഞുനിർത്തി കുത്തിക്കൊന്നു എന്നാണ് കേസ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ അന്നത്തെ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രത്യേക സംഘമാണ് ഡിസംബർ 25 ന് പ്രതികളെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസാക്കി, കാസർകോട് ക്രൈംബ്രാഞ്ച് എസ്.ഐ വി. പുരുഷോത്തമന്റെ മേൽനോട്ടത്തിൽ എസ്.ഐ മാരായ ഒ.ടി ഫിറോസ്, കെ.കെ മധു, സി.വി പ്രേമൻ, എ.എസ്.ഐമാരായ കെ. മധുസൂദനൻ, ബിജു, സിവിൽ പൊലീസ് ഓഫീസർ പ്രജിത് എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ചത്.
അബ്ദുൾ റഹ്‌മാൻ ഔഫ് കൊലക്കേസിൽ
2020 ഡിസംബർ 23 ന് ബുധനാഴ്ച രാത്രി പത്തര മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന അബ്ദുൾ റഹ്മാൻ ഔഫിനെ കല്ലൂരാവി മുണ്ടത്തോട് വെച്ച് വഴിയിൽ ഒളിഞ്ഞിരുന്ന പ്രതികൾ തടഞ്ഞുനിർത്തി കുത്തിക്കൊന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാൻ ഇടയായതിന്റെ വൈരാഗ്യമാണ് ഔഫിന്റെ കൊലയ്ക്ക് കാരണം.