
ആദ്യ ദേശീയ പുരസ്കാരം ലഭിച്ച് പതിനൊന്നു വർഷം പിന്നിടുമ്പോൾ ധനുഷിന് വീണ്ടും ദേശീയ അംഗീകാരം. വെട്രിമാരൻ സംവിധാനം ചെയ്ത ആടുകുളം ആണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ആദ്യം നേടിക്കൊടുക്കുന്നത്. അസുരനിലെ അഭിനയത്തിനാണ് ഇൗ പ്രാവശ്യം പുരസ്കാരം. അസുരൻ സംവിധാനം ചെയ്തതും വെട്രിമാരനാണ്. ആദ്യ ദേശീയ പുരസ്കാരം ലഭിക്കുമ്പോൾ ഏറ്റവും പ്രായംകുറഞ്ഞ നടൻ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ധനുഷിന്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളൂവതോ ഇളവൈ ആയിരുന്നു ധനുഷിന്റെ ആദ്യചിത്രം. പൊല്ലാതവൻ, യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുരുഷൻ, മാപ്പിളെ എന്നിവയാണ് ധനുഷിന്റെ മികച്ച വിജയ ചിത്രങ്ങൾ. നടൻ, പിന്നണി ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നീ നിലയിൽ എത്തി ധനുഷിന്റെ വിലാസങ്ങൾ.അഭിനയയാത്ര നാലു ഭാഷകളിൽ എത്തി. ജഗമേ തന്തിരം, കർണൻ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. രണ്ടാമത് ഹോളിവുഡ് ചിത്രമായ ദ ഗ്രേമാന്റെ ജോലിയിലാണ് ധനുഷ്.