
2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സുവർണ നേട്ടം കൊയ്ത് പതിവ് പോലെ ശിരസ്സുയർത്തിപ്പിടിച്ച് മലയാള സിനിമ. പോയ വർഷം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ലഭിച്ചതെങ്കിൽ ഇത്തവണ അതിൽ കൂടുതൽ നേട്ടം കൊയ്യാൻ മലയാള സിനിമയ്ക്കായി. പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്.
പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശന് മികച്ച സ്പെഷ്യൽ ഇഫക്ട്സിനും സുജിത്ത് സുധാകരനും വി. സായിക്കും മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡുകളും മരയ്ക്കാറിലൂടെ നേടി.
ജല്ലിക്കെട്ടിൽ ദൃശ്യവിസ്മയം തീർത്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രഹകൻ. കോളാമ്പിയിലെ ഗാനരചനയ്ക്ക് പ്രഭാവർമ്മ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായി. രാഹുൽ റിജിനായർ സംവിധാനം ചെയ്ത കള്ളനോട്ടമാണ് മികച്ച മലയാള ചിത്രം. ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി. ഹെലനിലൂടെ മികച്ച മേയ്ക്കപ്പ്മാനുള്ള പുരസ്കാരം രഞ്ജിത്ത് അമ്പാടിയും നേടി. മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടുന്ന പന്ത്രണ്ടാമത് മലയാള സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചെമ്മീൻ, സ്വയംവരം, നിർമ്മാല്യം, ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു എന്നിവയാണ് ഇതിനുമുൻപ് മലയാളത്തിൽനിന്ന് മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ളത്.