
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് പ്രഭാവർമ്മയെ തേടിയെത്തിയപ്പാേൾ അത് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം കിട്ടിയ വലിയ അംഗീകാരമായി. 1999 ലായിരുന്നു മലയാള ചലച്ചിത്ര ഗാനരചനയ്ക്ക് ഒടുവിൽ ദേശീയ അവാർഡ് ലഭിച്ചത്. യൂസഫലി കേച്ചേരിക്ക്. അതിനു മുമ്പ് ഒ.എൻ.വിക്കും വയലാറിനും. യൂസഫലിക്ക് കിട്ടിയതാകട്ടെ പകുതി അവാർഡെന്ന് പറയാം. നേർ പകുതി ജാവേദ് അക്തർക്കായിരുന്നു. ഇരുവരും പങ്കിട്ട ആ അവാർഡിനുശേഷം വീണ്ടും മലയാളക്കരയിലേക്ക് അവാർഡ് എത്തിയത് ജാവേദ് അക്തറുമായി പ്രഭാവർമ്മ മത്സരിച്ചുകൊണ്ടായിരുന്നു.
പ്രശസ്ത ഹിന്ദി കവിയും അഞ്ച് തവണ ദേശീയ പുരസ്കാര ജേതാവുമായ ജാവേദ് അക്തറുമായി മത്സരിച്ച് നേടിയ ഈ പുരസ്കാരം മലയാളത്തിന് അഭിമാനമേകുന്നതാണ്. 'കോളാമ്പി' എന്ന സിനിമയിൽ പണ്ഡിറ്റ് രമേശ് നാരായണൻ സംഗീതം പകർന്ന് മധുശ്രീ പാടിയ 'ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം' എന്ന ഗാനമാണ് പുരസ്കാരം നേടിയത്. 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലെ ശ്രേയാഘോഷും എം.ജി.ശ്രീകുമാറും പാടിയ പ്രഭാവർമ്മ രചിച്ച 'കണ്ണാ നീ നിലയിപ്പതാരെ' എന്ന ഗാനവും മത്സരത്തിനുണ്ടായിരുന്നു. അതിൽ കോളാമ്പിയിലെ ഗാനം മികവുറ്റതായി.
50 സിനിമകൾക്ക് ഗാനരചന നടത്തിയിട്ടുള്ള പ്രഭാവർമ്മയ്ക്ക് മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. നാടക ഗാനരചനയ്ക്ക് രണ്ടു തവണയും.
അഭിമാനം: പ്രഭാവർമ്മ
അവാർഡ് ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. ദേശീയതലത്തിൽ മലയാളം ഒരിക്കൽകൂടി ശ്രദ്ധിക്കുന്നതിന് ഞാനെഴുതിയ വരികൾ നിമിത്തമായത് ചെറിയ ആഹ്ളാദമല്ല. ദേശീയ തലത്തിൽ മലയാള ചലച്ചിത്ര ഗാനശാഖ അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. പുരസ്കാരം ഏർപ്പെടുത്തിയിട്ട് ആരനൂറ്റാണ്ടിലേറെയായെങ്കിലും മലയാള ചലച്ചിത്ര ഗാനരചനയ്ക്ക് അതിന് ആനുപാതികമായി അംഗീകാരം കിട്ടിയിരുന്നില്ല.