photo

 ഉദുമ ഡെ.തഹസിൽദാർക്ക് സസ്പെൻഷൻ  140 മണ്ഡലങ്ങളിലും പരിശോധന

 ഇരട്ട വോട്ടുള്ളയാളുടെ കള്ളവോട്ട് തടയും  വെബ്കാസ്റ്റിംഗ് കർശനമാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വൻ തോതിൽ ഇരട്ട വോട്ടുണ്ടെന്ന പരാതി ശരിയെന്നു കണ്ടെത്തിയ പശ്ചാത്തലത്തിൽ, ക്രമക്കേടുകൾക്കു വഴിയൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്കു തുടക്കമിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പട്ടികയിലെ 'കള്ളന്മാരെ' കണ്ടെത്തിയത്.

നാലു ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നും, ഇത് വ്യാപക കള്ളവോട്ടിന് വഴിവയ്ക്കുമെന്നുമാണ് ചെന്നിത്തലയുടെ പരാതി. പരാതിയിൽ പറഞ്ഞ കോട്ടയത്തെ 1606- ൽ 590, ഇടുക്കിയിലെ 1168- ൽ 434, പാലക്കാട്ടെ 2400 ൽ 800, തവനൂരിലെ 4395-ൽ 70 ശതമാനം എന്നിങ്ങനെ ഇരട്ട വോട്ടുകളാണെന്ന് ജില്ലാ കളക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയതായി ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. പരാതിയിൽ പറഞ്ഞിരുന്ന ചാലക്കുടിയിലെ 570 വോട്ടുകളും ഇരട്ടകൾ തന്നെ.

കൂടുതൽ വിശദ പരിശോധന 140 മണ്ഡലങ്ങളിലും നടത്താനും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാനും ടിക്കാറാം മീണ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഉദുമ മണ്ഡലത്തിലെ ഡെപ്യൂട്ടി തഹസിൽദാറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കുമാരിയെന്ന വോട്ടർക്ക് ഇവിടെ അഞ്ച് തിരിച്ചറിയൽ കാർഡ് അനുവദിച്ചത് ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ) ശുപാർശ കൂടാതെയായിരുന്നു.

കള്ളവോട്ട് തടയാൻ

രണ്ട് നടപടികൾ

വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയാലും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുന്നില്ല. കള്ളവോട്ട് തടയാൻ രണ്ട് നടപടികളാവും കമ്മിഷൻ സ്വീകരിക്കുക.

 ഇരട്ടവോട്ട് പട്ടിക ബി.എൽ.ഒമാർക്ക് നൽകും. അവർ തെളിവെടുപ്പു നടത്തി, ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകൾ ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ഡി) ലിസ്റ്റിൽപ്പെടുത്തും. ലിസ്റ്റ് പ്രിസൈഡിംഗ് ഒാഫീസർമാർക്കെത്തിച്ച് ഇരട്ട വോട്ടുള്ളയാൾ കള്ളവോട്ട് ചെയ്യുന്നത് തടയും.

 കൂടുതൽ ഇരട്ട വോട്ടുള്ള സ്ഥലങ്ങളിൽ വെബ് കാസ്റ്റിംഗ് കർശനമാക്കും. പാർട്ടി ഗ്രാമങ്ങളിൽ പോളിംഗ് ഏജന്റിനെ വയ്ക്കാനായില്ലെങ്കിൽ മണ്ഡലത്തിലെ ഏതെങ്കിലും സ്ഥലത്തു നിന്ന് എത്തിക്കാൻ അനുവദിക്കും. കള്ളവോട്ട് നടക്കാനിടയുളള മലബാർ മേഖലയിലെ അഞ്ച് ജില്ലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും.

വോട്ടെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പുതുക്കി ഇന്നലെ പുറത്തിറക്കി. ആകെ 2,74,46,039 വോട്ടർമാരുണ്ട്. ജനുവരിയിൽ പുറത്തിറക്കിയ പട്ടികയിൽ 2,67,31,509 വോട്ടർമാരായിരുന്നു.

ഇരട്ട വോട്ടിന്

സാദ്ധ്യത ഇങ്ങനെ

 പുതിയ അപേക്ഷകളിൽ ബി.എൽ.ഒ.മാർ കൊവിഡ് മൂലം ഫിസിക്കൽ വെരിഫിക്കേഷൻ നടത്താതിരുന്നതിനാൽ

 പലതവണ അപേക്ഷ നൽകിയാൽ ഒാരോ തവണയും എൻട്രിയാവും

 കമ്പ്യൂട്ടർ തകരാർ നിമിത്തം

 ഒരേ പേരും വോട്ടർ കാർഡ് നമ്പറും വന്നാൽ തടയാൻ സോഫ്റ്റ് വെയറിൽ ഇൻബിൽറ്റ് സംവിധാനമില്ല

 വോട്ടർ പട്ടികയിലെ തിരുത്തലിനായി നിശ്ചിതമല്ലാത്ത ഫോറങ്ങളിൽ അപേക്ഷിക്കുന്നതിനാൽ

 വോട്ടർമാർ മന:പൂർവം വിവിധ മണ്ഡലങ്ങളിൽ അപേക്ഷ നൽകുന്നതിനാൽ

സ്വാഗതം ചെയ്ത്

ചെന്നിത്തല

ഇരട്ടവോട്ട് സംബന്ധിച്ച പരാതി ഗൗരവമായെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. കള്ളവോട്ട് തടയാൻ കർശന മുൻകരുതലുകളുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.