
തിരുവനന്തപുരം:വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ സന്തോഷം. ഏതാണ്ട് മൂന്നേകാൽ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവർത്തകർ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണം.
കാസർകോട്ടെ ഉദുമയിൽ ഒരു വോട്ടർക്ക് അഞ്ചു ഇലക്ടറൽ കാർഡുകൾ സൃഷ്ടിക്കപ്പെട്ട കാര്യം താൻ ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോൾ, 'അവർ കോൺഗ്രസുകാരിയാണ്, ചെന്നിത്തല വെട്ടിലായി' എന്നാണ് ചില മാദ്ധ്യമങ്ങൾ പോലും പരിഹസിച്ചത്. മുഖ്യമന്ത്റിയും ആ പരിഹാസം ഏറ്റെടുത്തിരുന്നു.