
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇരട്ടവോട്ട് പുതിയ സംഭവമോ കണ്ടെത്തലോ അല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാജ്യത്ത് 26,10, 518 ഇരട്ടവോട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വന്തം കണ്ടെത്തൽ. കേരളത്തിൽ 68,606. ബംഗാളിൽ 2.79 ലക്ഷവും തമിഴ്നാട്ടിൽ 12.78 ലക്ഷവും അസാമിൽ 1.44 ലക്ഷവും പുതുച്ചേരിയിൽ 4194- ഉം ഇരട്ടവോട്ടുകളുണ്ട്. ഇതു തടയാനുള്ള സോഫ്റ്റ് വെയർ സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നുണ്ട്.
സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെങ്കിൽ അറിയിക്കാനും ബി.എൽ.ഒമാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബൂത്ത് തലത്തിൽ പ്രവർത്തകരെ നിയോഗിക്കാനും രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചിരുന്നു. അവർ അതിനു തയ്യാറായില്ല. പരാതികൾ സമർപ്പിക്കാൻ ഒന്നര മാസത്തെ സമയം നൽകിയെങ്കിലും അന്ന് ആരും പരാതിപ്പെട്ടില്ല.
ജനുവരി 20 നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പിന്നീട് മാർച്ച് 9 വരെ പുതിയവർക്ക് പേരു ചേർക്കാൻ അവസരം നൽകി. 9,16,601 അപേക്ഷകളും എൻ.ആർ.ഐയിൽ നിന്ന് 5478 അപേക്ഷകളും കിട്ടി. ഇതിൽ 7,39,905 അപേക്ഷകളും എൻ.ആർ.ഐയുടെ 2790 അപേക്ഷകളും സ്വീകരിച്ചു. ഇതനുസരിച്ചാണ് പരിഷ്കരിച്ച പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചത്.