
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇരുട്ടടി. പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികൾ വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ്നിറുത്തിവയ്ക്കണമെന്ന് പുതിയ ഉത്തരവ് പുറത്തിറക്കി. ബൈക്ക് റാലികൾ നിർബന്ധിച്ച് ചെയ്യിക്കുന്നു തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 67,356 പരാതികൾ സി.വിജിൽ ആപ്പ് വഴി കിട്ടി, 66,000 പരാതികളും സത്യമെന്ന് കണ്ടെത്തി നടപടിയെടുത്തു. ഇതനുസരിച്ച് ആറുലക്ഷം പോസ്റ്റർ,ബാനർ തുടങ്ങിയവ നീക്കം ചെയ്തു. വോട്ടെടുപ്പ് മുൻകരുതലായി തോക്ക് ലൈസൻസുള്ള 8,685പേരിൽ നിന്ന് തോക്കുകൾ വാങ്ങിവച്ചു. സംസ്ഥാനത്തെ 16000 ജാമ്യമില്ലാവാറണ്ടുകളിൽ 11685 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെയും പിടിക്കാൻ ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകി.
രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ പ്രചാരകരെ അനുവദിക്കുന്നത് ദേശീയ പാർട്ടികൾക്ക് 40 ൽ നിന്ന് 30 ആയും സംസ്ഥാന പാർട്ടികൾക്ക് 20ൽ നിന്ന് 15 ആയും കുറച്ചു. ഇതനുസരിച്ച് ലിസ്റ്റ് സ്വീകരിച്ചുതുടങ്ങി.
സംസ്ഥാനത്തെ 7.17ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 3.40ലക്ഷം പേർക്കും കൊവിഡ് വാക്സിനേഷൻ നൽകി. സുരക്ഷയ്ക്കായി 50കമ്പനി കേന്ദ്രആംഡ്സേനയെ വിന്യസിച്ചു.
ശബരിമല വിഷയം പരിധിവിട്ട് പ്രചാരണത്തിന് വിനിയോഗിക്കുന്നതായി പരാതികൾ കിട്ടിയാൽ പരിശോധിക്കും. മൂന്ന് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് കോടതിയുടെ പരിഗണനയിലാണ്. ഒപ്പിനിയൻ സർവേകൾ ജനങ്ങളെ വഴിവിട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ഇടപെടാൻ നിയമപരമായി അധികാരമില്ലെന്നും മീണ പറഞ്ഞു. കേരളകോൺഗ്രസ്നേതാവ് പി.ജെ.ജോസഫിന് പാർട്ടി ചിഹ്നം അനുവദിക്കുന്നതിന് നിയമപരമായ സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.