salary

₹ശമ്പളം വൈകുമോ എന്നാശങ്ക

തിരുവനന്തപുരം: ഏപ്രിൽ 6 ന് മുമ്പ് ശമ്പളം കൊടുക്കാൻ കഴിയുന്ന വിധത്തിൽ ട്രഷറി ജീവനക്കാരെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്നൊഴിവാക്കാൻ നിർദ്ദേശിച്ചെങ്കിലും, നിരവധി ട്രഷറി ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകാൻ കളക്ടർമാരുടെ നിർദ്ദേശം. ഇതേ തുടർന്ന് തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുമോ എന്ന ആശങ്ക ഉയരുന്നു.

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ നൽകിയ നിർദ്ദേശിച്ചിരുന്നത് ട്രഷറി ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കാനാണ്. എന്നാൽ പല ട്രഷറികളിലെയും ജീവനക്കാർക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. കടയ്ക്കാവൂർ ,പാറശ്ശാല ട്രഷറികളിലെ ഏതാണ്ടെല്ലാ ജീവനക്കാർക്കും തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചുകഴിഞ്ഞു.

വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് ശമ്പളത്തിനായി ബില്ലുകൾ സ്പാർക്ക് വഴി ഈ മാസം 25 മുതലാണ് സമർപ്പിച്ചു തുടങ്ങേണ്ടത്. എന്നാൽ ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് സ്പാർക്കിൽ പ്രോസസ് ചെയ്യാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നവർ 5ന് ജോലിക്കെത്തില്ല. ഏപ്രിൽ ഒന്നിനും രണ്ടിനും ബാങ്ക് അവധിയാണ്. 3ന് ബാങ്കുകളിൽ കണക്കെടുപ്പായിരിക്കും. ബില്ലുകൾ കൃത്യസമയത്ത് കിട്ടുകയാണെങ്കിൽ ട്രഷറിയിൽ നിന്ന് അവധി ദിവസങ്ങളിലും ശമ്പളം പാസ്സാക്കാം. എന്നാൽ ആ സമയത്ത് ജീവനക്കാരുണ്ടാകുമോ എന്നതാണ് പ്രശ്നം.