
തിരുവനന്തപുരം:സീസൺ കഴിഞ്ഞാൽ കോവളത്തെ തിരമാലകൾ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതുപോലെയാണ് തിരഞ്ഞെടുപ്പുകാലത്തെ വോട്ടർമാരുടെ മനസും. ആർക്ക് അനുകൂലമാണെന്ന് പ്രവചിക്കുക അസാദ്ധ്യം.മൂന്നു മുന്നണികളും പ്രചാരണം ശക്തമാക്കുമ്പോഴും വോട്ടർമാരുടെ മനസ് വായിച്ചെടുക്കാൻ കഴിയുന്നില്ല. വികസന പ്രവർത്തനങ്ങൾ മാത്രമല്ല സാമുദായിക സമവാക്യം കൂടി ഒത്തുവരണം കോവളം നേടണമെങ്കിൽ. മണ്ഡലത്തിൽ നാടാർ സമുദായത്തിനാണ് മുൻതൂക്കം. രണ്ടാം സ്ഥാനത്ത് ഈഴവരാണ്. മൂന്നാമത് ലത്തീൻ കത്തോലിക്ക വിഭാഗവും. സ്വാഭാവികമായും വിധി നിർണയിക്കുന്ന ഘടകമായി ഈഴവ സമുദായത്തിന്റെയും നാലാം സ്ഥാനത്തുള്ള നായർ സമുദായത്തിന്റെയും വോട്ട് മാറും. എല്ലാ വിഭാഗത്തിന്റെയും വോട്ട് ഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് സ്ഥാനാർത്ഥികൾ നടത്തുന്നത്.
'നമ്മളെപ്പോഴും കൈയാ...'
കോൺഗ്രസ് സ്ഥാനാർത്ഥി എം.വിൻസെന്റ് ഏതാനും പ്രവർത്തകരുമായി മുക്കോല ചന്തയിലേക്കു നടന്നു. മത്സ്യം വിറ്റുകൊണ്ടിരുന്ന സ്ത്രീകൾക്കു നേരെ കൈപ്പത്തി ഉയർത്തി കാണിച്ചപ്പോൾ മറുപടി വന്നു- 'നമ്മളെപ്പോഴും കൈയാ...' വിൻസെന്റിന് സന്തോഷം.ഓരോ കച്ചവടക്കാരുടെയും അടുത്തെത്തി വിൻസെന്റ് പറഞ്ഞു 'സഹായിക്കണം..' കൂടെയുള്ള പ്രവർത്തകരോട് മത്സ്യവിൽപ്പനക്കാരികളിൽ ഒരാൾ വിളിച്ചു പറഞ്ഞു 'അയില ആറെണ്ണം 200 രൂപയ്ക്ക് തരാം വരീൻ.എല്ലാവരും വാങ്ങിക്കീൻ പാവങ്ങൾക്കും ജീവിക്കണ്ടേ..'
തുടർന്ന് ചന്തയ്ക്കു പുറത്തെ കടകളിലും വിൻസെന്റ് നടന്നെത്തി. ഡി.സി.സി ട്രഷറർ കെ.വി.അഭിലാഷും പ്രദേശത്തെ മുതിർന്ന നേതാവും വിഴിഞ്ഞം ഗ്രാമപഞ്ചായത്തിലെ മുൻ അംഗവുമായിരുന്ന മുക്കോല ഉണ്ണിയും ഒപ്പം. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിൻസെന്റിനോടു പറഞ്ഞു-'നമ്മുക്കിവിടെ കൊടി കുറവാണ്. ഇവിടെ ഒരു 500 കൊടികൾ കൂടികെട്ടണം'. ഏർപ്പാടുണ്ടാക്കാമെന്ന് വിൻസെന്റ് മറുപടി നൽകി.
'
വിജയം ഉണ്ടാകും.ബൂത്ത് കൺവെൻഷനുകൾ ആദ്യമേ പൂർത്തിയാക്കിയിരുന്നു. 24ന് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നം ഉയർത്തി പദയാത്ര നടത്തും.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരു പറഞ്ഞ് ഞാനാരെയും മാറ്റി നിറുത്തിയിട്ടില്ല.'
- എം.വിൻസെന്റ്
സീറ്റ് തിരിച്ചുപിടിക്കാൻ
സിസിലിപുരത്തെ ഒരു ചായക്കടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ.നീലലോഹിതദാസ് എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്തുകോണം രാജു നീലനോട് പറഞ്ഞു. 'ഇത് പഴയ ഭാർഗവപ്പണിക്കരുടെ കടയാണ്' അറിയാമെന്ന് നീലൻ. ഇന്നും ഇന്നലേയും തുടങ്ങിയ ബന്ധമല്ലെന്ന് കട ഇപ്പോൾ നടത്തുന്ന മകൾ വത്സലയുടെ മറുപടി. 'അച്ഛൻ കട നടത്തിയിരുന്നപ്പോൾ ഇവിടെ ചായ കുടിക്കാൻ എത്രയോ തവണ വന്നിരിക്കുന്നു.' 'കറ്റയേന്തിയ കർഷക സ്ത്രീയാണ് അടയാളം മറക്കരുത്'- നീലൻ ഓർമ്മിപ്പിച്ചു.
പിന്നെ,മറ്റൊരു വീട്ടിലെത്തി.കോളിംഗ് ബെല്ലടിച്ചതും പുറത്തിറങ്ങി വന്ന വീട്ടമ്മയോടു സ്ഥാനാർത്ഥി പറഞ്ഞു '
വോട്ടു തേടി വന്നതാണ്.ഞാൻ നീലൻ,നീലലോഹിതദാസ്. സ്ഥാനാർത്ഥിയാണ്.അറിയാമല്ലോ? കറ്റയേന്തിയ കർഷക സ്ത്രീയാണ് അടയാളം'.വീട്ടുകാർ തലകുലുക്കി.കൂടെയുള്ളവർ നടന്നു തളർന്നെങ്കിലും നീലൻ ചുറുചുറുക്കോടെ നീങ്ങുകയാണ്. 'സാറിന് ഒട്ടും വയ്യ എന്ന മറ്റുള്ളവർ പറയുന്നതൊക്കെ വെറുതെയാണെന്ന് ഇപ്പോൾ മനസിലായില്ലേ'- ഒപ്പമുള്ള എൽ.ഡി.എഫ് പ്രവർത്തകൻ പറഞ്ഞു.
തെഴിലുറപ്പ് തൊഴിലാളികളുടെ അടുത്ത് എത്തിയപ്പോൾ 'മന്ത്രിയായി വരാനുള്ള സാറാണ്.എന്തെങ്കിലും പ്രയാസങ്ങളൊക്കെ ഉണ്ടെങ്കിൽ പറഞ്ഞോളണം'എന്നായി ആ പ്രവർത്തകൻ.എല്ലാവരും വോട്ട് ചെയ്യണം. മറ്റുള്ളവരോട് വോട്ട് ചെയ്യാൻ പറയണം- നീലൻ പറഞ്ഞു.
'
കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വരും. ഇവിടെയും ജയിക്കും.മറ്റുള്ളവർ ഈവന്റ് മാനേജ്മെന്റുകാരെ കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നമുക്ക് ഇടതു മുന്നണി പ്രവർത്തകരാണുള്ളത്.എല്ലാ മേഖലയിൽ നിന്നും വോട്ട് കിട്ടും.
- ഡോ. എ.നീലലോഹിതദാസ്
അട്ടിമറി വിജയത്തിന്
ബാലരാമപുരത്തിനടുത്ത് പനയറക്കുന്ന് മാർക്കറ്റിൽ വോട്ടുനേടാൻ എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖരനെത്തിയപ്പോൾ നേരം നട്ടുച്ച. 'നാടിന്റെ വികസനത്തിന് വോട്ടു ചോദിക്കാനാണ് എത്തിയത് '. പച്ചക്കറി വിൽക്കുന്ന കമലമ്മയോട് മുഖമുയർത്തി നോക്കി ചിരിച്ചു. എന്നെ അറിയാമോ? അറിയാമെന്ന ഭാവത്തിൽ തലകുലുക്കി. 'ചിഹ്നം താമരയാണ്, മറക്കരുത്'.തൊഴുകൈയുമായി പറഞ്ഞ ശേഷം അടുത്ത വോട്ടറുടെ സമീപത്തേക്ക് ചന്ദ്രശേഖരൻ പോയി. ഏതാനും ബി.ജെ.പി പ്രവർത്തകരും ഒപ്പമുണ്ട്.
അടുത്ത കടയിൽ ആദ്യം കയറിപ്പോയത് ബി.ജെ.പി പ്രദേശിക നേതാവ് കുമാർ. 'നമ്മുടെ സ്ഥാനാർത്ഥി വന്നിട്ടുണ്ട്, വോട്ട് ചോദിക്കാൻ' കുമാർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി.അതിനു പുറമെ 'ഞാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ' എന്ന് സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ 'അറിയാം അറിയാം വി.എസ്.ഡി.പിയുടെ നേതാവല്ലേ' എന്നായി കച്ചവടക്കാരൻ. വി.എസ്.ഡി.പി ചെയർമാൻ എന്ന നിലയിൽ വിഷ്ണുപുരം ചന്ദ്രശേഖരനെ എല്ലാവർക്കും അറിയാം. കാമരാജ് കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് ഈയിടെയാണ്. എൻ.ഡി.എയുടെ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിന് അനുവദിച്ച ഏക സീറ്റാണ് കോവളം.
ഈ മണ്ഡലവുമായി നല്ല ബന്ധമാണ്. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടില്ല. നേരത്തെ ഭൂസമരം നടത്തി വിജയിപ്പിച്ചത് നേട്ടമാകും.വിജയത്തെക്കുറിച്ച് തെല്ലും സംശയമില്ല.
- വിഷ്ണുപുരം ചന്ദ്രശേഖരൻ