rema

കടത്തനാടിന്റെ ചുവപ്പൻ മണ്ണിപ്പോൾ രാഷ്ട്രീയച്ചൂടിനാൽ ചുട്ടുപൊള്ളുന്നു. ഒഞ്ചിയവും ഏറാമലയും ചോറോടും അഴിയൂരും വടകര പട്ടണവുമുൾപ്പെട്ട വടകര മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പൊള്ളിക്കുന്നത് മത്സരാർത്ഥികളുടെ പോർവീര്യം തന്നെ.റവല്യുഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ പാർട്ടി യു.ഡി.എഫിന്റെ പരസ്യപിന്തുണയോടെ ഇതാദ്യമായി പോർക്കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി, ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാരമ്പര്യങ്ങളാൽ ഇടതുപക്ഷം ചേർന്ന് നടക്കാൻ ശീലിച്ച മണ്ണ്. അരങ്ങിൽ ശ്രീധരന്റെയടക്കം മഹിതപാരമ്പര്യത്തിന്റെ ഓർമ്മകളുമായി ഇടതുപക്ഷത്തു നിന്ന് മാറ്റുരയ്ക്കുന്നത് ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രൻ. മനയത്ത് ചന്ദ്രൻ 2016ൽ ഇതേ മണ്ഡലത്തിൽ ജനതാദളിന്റെ മറ്റൊരു വേർഷന്റെ പ്രതിനിധിയായി യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. അന്ന് ഇടതുചേരിയിലെ ജനതാദൾ-എസിനുവേണ്ടി സി.കെ. നാണു 9511 വോട്ടിന് മനയത്തിനെ തോല്പിച്ചു. കെ.കെ. രമ സ്വന്തംനിലയ്ക്ക് മത്സരിച്ച് 20,504 വോട്ടുകൾ പിടിച്ച് മൂന്നാമതെത്തി.

യു.ഡി.എഫ് പിന്തുണയുടെ അധിക ആനുകൂല്യവുമായി ഇക്കുറിയെത്തുന്നതാണ് രമയുടെ സ്ഥാനാർത്ഥിത്വത്തെ ചർച്ചയാക്കിയിരിക്കുന്നത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം നടന്ന് ഒമ്പത് വർഷമാകുമ്പോഴും അത് സൃഷ്ടിച്ച അലയൊലികൾ അവിടെയുണ്ട്. കഴിഞ്ഞതവണ രമയ്ക്കും പിന്നിൽ നാലാമതെത്തിയ ബി.ജെ.പിയിലെ എം. രാജേഷ് കുമാർ ഇത്തവണയും മത്സരിക്കുന്നു.

" നല്ല വിജയപ്രതീക്ഷയുണ്ട്. പ്രതീക്ഷിച്ചതിലുമേറെയാണ് ജനങ്ങളുടെ പ്രതികരണം. ഇത് ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. എല്ലാവർക്കും ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടം"- വടകര ടൗണിനുള്ളിലെ സർക്കാർവക താലൂക്കാശുപത്രിയിൽ കണ്ടപ്പോൾ കെ.കെ. രമ പറഞ്ഞു.

രമയ്ക്കൊപ്പം ആർ.എം.പിയുടെയും യു.ഡി.എഫിന്റെയും പ്രവർത്തകരുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും തികഞ്ഞ സൗഹൃദത്തോടെ ഇടപഴകി വോട്ടഭ്യർത്ഥിക്കുകയാണ് രമ. അവർക്കൊപ്പം ആശുപത്രി ജീവനക്കാരും ഡോക്ടർമാരുമെല്ലാം രമയുടെ സ്നേഹഹസ്തം നുകർന്നു.

സി.പി.എം ഭീതിയിലാണെന്നവർ പറയുന്നു. മൂന്ന് അപരകളെ തനിക്കെതിരെ അണിനിരത്തിയത് അതിന്റെ സൂചനയാണെന്നവർ കരുതുന്നു.

രമ മടങ്ങിപ്പോയതിന് പിന്നാലെ അതേ ആശുപത്രിമുറ്റത്തേക്ക് തോളത്തൊരു തോർത്തുമിട്ട് കുറേ സോഷ്യലിസ്റ്റുകാരെത്തി. ഷർട്ടിന് മീതേ കഴുത്തിൽ ചുറ്റിയിട്ട തോർത്തുമായി സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനും. കൂടിനിന്ന,സ്ത്രീകളുടെ അഭ്യർത്ഥന മാനിച്ച് അവർക്കൊപ്പം സെൽഫി. ഔപചാരികമാണ് ചന്ദ്രന്റെ ഇടപെടൽ. എല്ലാവരുടെയും വോട്ട് വേണമെന്ന് ഒറ്റവാക്കിൽ അഭ്യർത്ഥന.

ജയമുറപ്പെന്നതിൽ ചന്ദ്രന് സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 5000ത്തോളം വോട്ടിന് ഇടതുപക്ഷം മുന്നിലാണെന്നതാണ് ഇതിന് ന്യായീകരണം. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും ദുരന്തകാലത്തെ സമചിത്തതയോടെയുള്ള ഇടപെടലുകളുമെല്ലാം ചന്ദ്രൻ അക്കമിട്ട് വിവരിച്ചു. കെ.കെ. രമയുടെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി ചോദിച്ചപ്പോൾ, ആർക്കും മത്സരിക്കാൻ അവകാശമുണ്ടല്ലോയെന്ന് ഉത്തരം.

അഴിയൂർ പഞ്ചായത്തിൽ മടപ്പള്ളി ഗവ. കോളേജ് കവാടത്തിന് മുന്നിലായുള്ള ലോക് താന്ത്രിക് ദളിന്റെ ജില്ലാകമ്മിറ്റി ഓഫീസിന് താഴെ നിന്ന് പ്രദേശത്തുകാരിൽ നിന്ന് വോട്ടഭ്യർത്ഥിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി രാജേഷ് കുമാർ. സമയമപ്പോൾ ഉച്ചയ്ക്ക് ഒരു മണി. എതിരാളികളുടേത് അവസരവാദ സമീപനമായതിനാൽ ഇക്കുറി ജനം തിരിച്ചറിഞ്ഞ് തന്നെ സഹായിക്കുമെന്നാണ് രാജേഷിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളല്ലേ ഇത്തവണ ഇടതുസ്ഥാനാർത്ഥിയെന്നാണ് ചോദ്യം.

വടകര മുനിസിപ്പാലിറ്റിയിലും ചോറോട് പഞ്ചായത്തിലും ഇടതുഭരണമാണിപ്പോൾ. ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളിൽ ആർ.എം.പിയും കോൺഗ്രസും മുസ്ലിംലീഗുമെല്ലാമുൾപ്പെട്ട ജനകീയമുന്നണി. അതിൽ ഏറാമലയിലും അഴിയൂരിലും ഭരണസാരഥ്യം ലീഗിന്. ചന്ദ്രശേഖരന്റെ മണ്ണായ ഒഞ്ചിയത്ത് ആർ.എം.പിയും.

2010ൽ ഏറാമലയിൽ ഇന്നത്തെ ഇടതുസ്ഥാനാർത്ഥി മനയത്ത് ചന്ദ്രന് പഞ്ചായത്ത് ഭരണസാരഥ്യം കൈമാറുന്നതിനെച്ചൊല്ലി തർക്കിച്ചാണ് ചന്ദ്രശേഖരനും വേണുവും കൂട്ടരും സി.പി.എമ്മിൽ നിന്ന് പുറത്തായതെന്നത് മറ്റൊരു കൗതുകം.

രമ 2016ൽ പിടിച്ച ഇരുപതിനായിരത്തിന് മുകളിൽ വരുന്ന വോട്ടുകളിൽ കുറേയെല്ലാം യു.ഡി.എഫ് മറിച്ചുകൊടുത്തതാണെന്നാണ് ഇടതുവാദം. ആർ.എം.പിക്ക് പഴയ വീര്യമില്ലെന്നവർ സ്വയം വിശ്വസിച്ച് ആശ്വസിക്കുന്നുണ്ട്. ജനതാദൾ-എസിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തതിൽ സിറ്റിംഗ് എം.എൽ.എ സി.കെ.നാണുവിനും മറ്റും നീരസമുണ്ടെന്ന പ്രചാരണമുണ്ട്. പക്ഷേ നാണു തിരഞ്ഞെടുപ്പ് രംഗത്ത് സജീവമെന്ന് എൽ.ജെ.ഡി നേതൃത്വം.

രമയ്ക്ക് കിട്ടുന്ന അകമഴിഞ്ഞ പിന്തുണയും യു.ഡി.എഫ് സഹായവുമാകുമ്പോൾ ജയത്തിലേക്കെത്തുമെന്ന് തന്നെ ആർ.എം.പി പ്രതീക്ഷിക്കുന്നു.മുസ്ലിംലീഗ് പൂർണമനസോടെ നിൽക്കുന്നു. ഈഴവ, മുസ്ലിം പ്രാതിനിദ്ധ്യമാണ് മണ്ണിലേറെ. വടകര മുനിസിപ്പാലിറ്റിയിലെ അംഗസംഖ്യ ഒന്നിൽ നിന്ന് മൂന്നായും അഴിയൂർ, ചോറോട് പഞ്ചായത്തുകളിൽ അക്കൗണ്ട് തുറന്നതുമെല്ലാം ബി.ജെ.പി പ്രതീക്ഷകൾക്ക് കഴിഞ്ഞതവണത്തേതിലും ജീവൻ വയ്പിക്കുന്നു.

കണക്കുകൾ:

2016ൽ യു.ഡി.എഫിന് 39700 വോട്ട്. എൽ.ഡി.എഫിന് 49215. ആർ.എം.പി- 20504, ബി.ജെ.പി- 13937: ഇടതുലീഡ് 9511

2011ൽ യു.ഡി.എഫ് 46065, എൽ.ഡി.എഫ് 46912, ബി.ജെ.പി- 6909- നാണു 847വോട്ടിന് കഷ്ടിച്ച് ജയിച്ചു.

2019ലോ‌ക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മാത്രം യു.ഡി.എഫ് ലീഡ് 22963.