
തൃക്കാക്കര: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജിയെ ഷട്ടിൽ കളിക്കാൻ ക്ഷണിച്ച് വീട്ടുകാർ. ഇന്നലെ രാവിലെ പാലച്ചുവട് മേഖലയിൽ ഗൃഹസന്ദർശനത്തിനിടെയാണ് പാറയിൽ രവിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സജി ഷട്ടിൽ കളിച്ചത്. വീട്ടുകാരോടൊപ്പം അൽപ്പനേരം ഷട്ടിൽ കളിച്ച സ്ഥാനാർത്ഥി പഠനകാലത്ത് തനിക്ക് ഇഷ്ടപ്പെട്ട കായിക വിനോദമായിരുന്നു ബാഡ്മിന്റൺ എന്നു പറഞ്ഞു. സമയം കിട്ടുമ്പോഴൊക്കെ ബാഡ്മിന്റൺ കളിക്കാറുണ്ടെന്നും വ്യായാമക്കുറവാണ് ഇപ്പോഴത്തെ ഭൂരിഭാഗം ചെറുപ്പക്കാർക്കും ജീവിതശൈലീ രോഗങ്ങൾ പിടിപെടാൻ കാരണമെന്നും സ്ഥാനാർത്ഥി.രാഷ്ട്രീയത്തിലും കളിക്കളത്തിലും തനിക്കു കള്ളമില്ലെന്ന് സജി, എന്നാൽ വോട്ട് തരാമെന്നു വീട്ടുകാർ. വീട്ടുകാരോടൊപ്പം അൽപ്പസമയം ചിലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി ഗൃഹസന്ദർശനം പുനരാരംഭിച്ചത്. പാലച്ചുവടു മേഖലയിൽ മികച്ച സ്വീകരണമാണ് സജിക്കു ലഭിച്ചത്.
ഇളംകുളം മേഖലയിലെ ഗൃഹസന്ദർശനത്തിനിടെ കുഡുംബി കോളനിയിലെത്തിയ സജിക്കു സ്‌നേഹനിർഭരമായ സ്വീകരണമാണു ലഭിച്ചത്. കോളനിയിലെ താമസക്കാരുമായി അദ്ദേഹം സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്തു. അറുപതു വർഷമായി കോളനിയിൽ താമസിക്കുന്ന സരോജനിയമ്മ എന്ന വൃദ്ധ ഇന്നും കോളനിക്കാർ നേരിടുന്ന പ്രയാസങ്ങൾ അക്കമിട്ടു നിരത്തി. തിരഞ്ഞെടുപ്പു കാലത്ത് വോട്ട് ചോദിക്കാൻ മാത്രം ആളുകൾ വരുമെന്നും പിന്നീടവരെ കാണാറില്ലെന്നും അവർ പറഞ്ഞു. വെള്ളക്കെട്ടും കുടിവെള്ള പ്രശ്‌നവും ഇന്നും കോളനിയിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളാണെന്ന് കോളനിയിലെ താമസക്കാർ സ്ഥാനാർത്ഥിയോടു പറഞ്ഞു. കോളനിയിലെ പ്രശ്‌നം ജനമദ്ധ്യത്തിൽ കൊണ്ടുവരുമെന്നും പരിഹാരത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്നും സജി കോളനിക്കാർക്ക് ഉറപ്പു നൽകി.തെരുവുകളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സജി വോട്ട് അഭ്യർത്ഥിച്ച് എത്തി.