
കാഞ്ഞങ്ങാട്: ചെങ്കുത്തായ ഇറക്കങ്ങളും വളവുകളും നിറഞ്ഞ പാതകളിലൂടെയായിരുന്നു ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പര്യടനം. കഴിഞ്ഞ ദിവസം പ്രാന്തർ കാവിലാണ് പ്രചാരണം നടന്നത്. അതിർത്തിയിൽ ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ കടന്നു പോകുന്ന പ്രദേശമാണിത്. സ്വീകരണ കേന്ദ്രത്തിൽ രാവിലെ തന്നെ സ്ത്രീകളും കുട്ടികളും തടിച്ച് കൂടിയിട്ടുണ്ട്. യുവാക്കൾ ചന്ദ്രശേഖരന്റെ പോസ്റ്റർ പതിക്കുന്ന തിരക്കിലാണ്. പ്രചാരണത്തിന് തുടക്കമെന്ന രീതിയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവിയുടെ സരസമായ പ്രസംഗം. കാണികൾ കാതോർത്ത് കേൾക്കുന്നുണ്ട്. സമയം പോകുന്നു എന്ന രീതിയിൽ വേദിയിലിരിക്കുന്ന മുൻ എം.എൽ.എ എം. നാരായണൻ വാച്ചിൽ നോക്കി. ടി.കെ രവി നിർത്താൻ ഭാവിച്ചപ്പോൾ ചന്ദ്രേശേഖരൻ തടഞ്ഞു. 'നീ പറഞ്ഞോ' എന്ന് സ്ഥാഥാനാർത്ഥിയുടെ കമന്റ്.
രവി തന്റെ സ്വന്തം ശൈലിയിൽ വീണ്ടും തുടർന്നു. വിശദമായ സംസാരത്തിനൊടുവിൽ ചന്ദ്രശേഖരന്റെ ഊഴം. രണ്ട് വാക്കിൽ സ്ഥാനാർത്ഥി സംസാരം നിർത്തി. തുടർന്ന് നെല്ലിതോടിലേക്ക് സ്ഥാനാർത്ഥി വാഹനം നീങ്ങി. അവിടെ എത്തുമ്പോൾ സി.പി.ഐ. നേതാവ് കരുണാകരൻ കുന്നത്തിന്റെ പ്രസംഗം. സ്ഥാനാർത്ഥി എത്തിയപ്പോഴേക്കും ഊഷ്മള സ്വീകരണം. പിന്നെ അടുത്ത സ്വീകരണ സ്ഥലമായ കുറിഞ്ഞിയിലേക്ക്. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ വി.കെ രാജന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ തടിച്ച് കൂടിയിട്ടുണ്ട്. സ്ഥാനാർത്ഥി എത്തിയപ്പോൾ ഹാരാർപ്പണം നടത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചാനയിച്ചു. വള്ളക്കല്ലിലും പാടിയിലും സ്ഥാനാർത്ഥി വാഹനം എത്തുമ്പോഴേക്കും വെയിലിന് കാഠിന്യം കൂടിയിരുന്നു. ചാമുണ്ഡിക്കുന്നിൽ എത്തുമ്പോഴേക്കും വെയിൽ കനത്തു. പിന്നെ ഉച്ച ഭക്ഷണം. അൽപം വിശ്രമം. കോയത്തടുക്കു, ബളാന്തോട്, കല്ലപ്പള്ളി, പരിയാരം, നെല്ലിക്കുന്ന്, പാറക്കടവ്, മയിലാട്ടി പുത്തൂരടക്കം, പുളളിക്കല്ല് എന്നിവിടങ്ങളിലെ സ്വീകരണത്തിനൊടുവിൽ വൈകുന്നേരം 8 മണിയോടെ പാണത്തൂരിൽ സമാപനം. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ വി.കെ. രാജൻ, കെ.വി. കൃഷ്ണൻ, എം.വി. കൃഷ്ണൻ, എം. നാരായണൻ മുൻ എം.എൽ.എ, ടി.കെ രവി, സി. പ്രഭാകരൻ, എം. ലക്ഷ്മി, എം. കുമാരൻ, എം. അസിനാർ, സി.വി. ദാമോദരൻ, ലക്ഷ്മണഭട്ട്, ജോൺ ഐമൻ, കരുണാകരൻ കുന്നത്ത്, പി.ജി. മോഹനൻ, അഡ്വ. മോഹൻ കുമാർ, മോഹനചന്ദ്രൻ, പി.ടി. നന്ദകുമാർ, സുകുമാരൻ എന്നിവർ സംസാരിച്ചു. വിവിധ ഇടങ്ങളിലായി സുരേഷ്, പി. ശശി, രാമചന്ദ്രൻ, പി. രാജൻ, കെ. അനിൽകുമാർ, വേണുഗോപാലൻ, സി.ആർ. അനൂപ് എന്നിവർ സ്വാഗതം പറഞ്ഞു. കെ. കുഞ്ഞിക്കണ്ണൻ, ഉഷ രാജു, എം.ടി. സുരേന്ദ്രൻ, കെ. രാജേഷ്, സജി തോമസ്, ശശിധരൻ, പി. ബിജു എന്നിവർ സംസാരിച്ചു. എം. ബാലകൃഷ്ണൻ അദ്യക്ഷത വഹിച്ചു.