tamil-nadu

പല തരത്തിലുള്ള പ്രചാരണ കാഴ്ചകൾ നാം കണ്ടിട്ടുണ്ട്. ചായക്കടകളിലും വഴിയോരക്കടകളിലും ആളുകൾക്കൊപ്പം സമയം ചെലവിട്ടും ബസിൽ യാത്ര ചെയ്തുമൊക്കെ വോട്ടഭ്യർത്ഥിക്കുന്നത് പതിവാണ്. എന്നാൽ, പ്രചാരണത്തിനിടെ വസ്ത്രം അലക്കാൻ സഹായിക്കുന്ന സ്ഥാനാർ‌ത്ഥിയെ കണ്ടിട്ടുണ്ടോ ? വളരെ അപൂർവമായ ആ കാഴ്ച സംഭവിച്ചിരിക്കുന്നു. കേരളത്തിലല്ല, അങ്ങ് തമിഴ്നാട്ടിലാണ്. നാഗപട്ടണം മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി ടി. കതിരവനാണ് തുണി അലക്കി വോട്ടർമാരെ കൈയ്യിലെടുത്തത്.

നാഗൂരിനടുത്ത് പ്രചാരണത്തിനെത്തിയതായിരുന്നു കതിരവൻ. വണ്ടിപ്പേട്ടയിൽ വീടുകളായ വീടുകളിൽ കയറി കതിരവനും സംഘവും വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ഒരു സ്ത്രീ തുണി അലക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ത്രീയുടെ അടുത്തെത്തിയ കതിരവൻ താനും കൂടി സഹായിക്കട്ടെ എന്ന് ചോദിച്ചു. ആദ്യം സ്ത്രീ ആശ്ചര്യപ്പെട്ട് നിന്നെങ്കിലും കതിരവൻ നിർബന്ധിച്ചതോടെ അലക്കാനുള്ള ഏതാനും തുണികൾ അദ്ദേഹത്തിന് നൽകി.

പിന്നെ ഒന്നും നോക്കിയില്ല, തറയിലിരുന്ന് കിട്ടിയ തുണിയെല്ലാം മിനിറ്റുകൾക്കുള്ളിൽ അലക്കി. തീർന്നില്ല, അടുത്തുണ്ടായിരുന്നു ഏതാനും പാത്രങ്ങൾ കൂടി കഴുകി. ചുറ്റും കൂടിനിന്നവരാകട്ടെ ഇതെന്താ നടക്കുന്നതെന്ന ഭാവത്തിൽ ചിരിയടക്കി താടിയ്ക്ക് കൈയും വച്ച് നിന്നു.

' നമ്മുടെ അമ്മയുടെ ( ജയലളിത ) സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ വാഷിംഗ് മെഷീനുകൾ നൽകും. വാഷിംഗ് മെഷീൻ ലഭിക്കുന്നതോടെ സ്ത്രീകൾക്കും വീട്ടമ്മമാർക്കും തുണികൾ അലക്കി അവരുടെ കൈകളെ വേദനിപ്പിക്കേണ്ടി വരില്ല. സർക്കാർ ഉറപ്പ് പാലിക്കും. ഇക്കാര്യം സൂചിപ്പിക്കാനും തെളിയിക്കാനും വേണ്ടിയാണ് താൻ തുണികൾ അലക്കിയത്.' കതിരവൻ പറയുന്നു.

അണ്ണാ ഡി.എം.കെ നാഗപട്ടണം ടൗൺ സെക്രട്ടറി കൂടിയാണ് കതിരവൻ. സജീവ പാർട്ടി പ്രവർത്തകനായ 50 കാരനായ കതിരവൻ ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.