തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോൺഗ്രസ്- ബി.ജെ.പി രഹസ്യധാരണയെന്ന ആക്ഷേപവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത്.എന്നാൽ പരാജയഭീതി കൊണ്ടാണ് പ്രശാന്ത് ഈ ആരോപണം ഉയർത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായരും ബി.ജെ.പി സ്ഥാനാർത്ഥി വി.വി.രാജേഷും പറയുന്നു. തിരുവനന്തപുരം ,വട്ടിയൂർക്കാവ് മണ്ഡലങ്ങൾ തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്നും തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനും പകരമായി വട്ടിയൂർക്കാവിൽ ബി.ജെ.പിയെ ജയിപ്പിക്കാനുമാണ് ഇരുപാർട്ടികളും തമ്മിൽ ധാരണയെന്നുമാണ് വി.കെ.പ്രശാന്തിന്റെ ആരോപണം.എന്നാൽ പ്രശാന്തിന് പരാജയഭീതിയാണെന്നും ഫാസിസ്റ്റ് ശക്തികളെ തോൽപിക്കാൻ കെൽപുള്ള പാർട്ടി കോൺഗ്രസ് മാത്രമേയുള്ളൂവെന്നും വീണ തിരിച്ചടിച്ചു.കോൺഗ്രസിന്റെ മാത്രമല്ല,സി.പി.എമ്മിന്റെ വോട്ടും വേണ്ടെന്ന് പറയില്ലെന്നും ബി.ജെ.പി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾക്ക് സ്വീകാര്യത വന്നതോടെയാണ് ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നതിനു കാരണമെന്നും ബി.ജെ.പി സ്ഥാനാർത്ഥി വി.വി.രാജേഷ് പറഞ്ഞു.