
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിൻെറ മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ക്രിമിനൽ കേസിലെ പ്രതിയെ ചട്ടങ്ങൾ ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019 ജനുവരി 16ന് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണിതെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ഉമേഷ് സിൻഹ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വി.പി.ജോയ് എന്നിവർക്ക് സിറാജിന്റെ പ്രതിനിധി സൈഫുദീൻ ഹാജിയാണ് പരാതി നൽകിയത്.